അപൂർവരോഗം ബാധിച്ച് പാക്കിസ്ഥാൻ കുരുന്ന്; ചേർത്ത്പിടിച്ച് കേരളം; ഒടുവിൽ പുനർജന്മം

ലോകത്തൊരു ചികിത്സയ്ക്കും രക്ഷപെടുത്താനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ പാക്കിസ്ഥാൻ കുരുന്നിന് കേരളത്തിൽ പുനർജന്മം. അപൂർവ രോഗം ബാധിച്ച രണ്ട് വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റർ മെഡിസിറ്റിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുപിടിച്ചത്. 

പിറന്നുവീണ് രണ്ട് കൊല്ലം തികയും മുൻപേ നിരവധി ചികിത്സയിലൂടെയാണ് സെയ്ഫ് എന്ന പാക്കിസ്ഥാനി ബാലൻ കടന്നു പോയത്. സിവിയർ കമ്പൈൻഡ് ഇമ്മ്യുണോ ഡെഫിഷൻസി എന്ന അസുഖം ബാധിച്ചാല്‍ രക്ഷപെടാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ ആവർത്തിച്ചതോടെ കുടുംബം നിരാശരായി. ഒടുവിലാണ് കേരളത്തിലെത്തിയതും ചികില്‍സ ആരംഭിച്ചതും. മജ്ജ മാറ്റി വെക്കലിലൂടെ അസുഖം മാറാന്‍ സഹായിച്ച അതിർത്തി കടന്നെത്തിയ രക്ഷാകരങ്ങള്‍ക്ക് നന്ദി പറയുകയാണിവര്‍. 

അതിർത്തി തർക്കങ്ങള്ക്കപ്പുറത്തേക്ക് വൈദ്യശാസ്ത്രം മനുഷ്യബന്ധങ്ങളെ യോജിപ്പിക്കുന്നതിനുള്ള ഉദാഹരണമാണിതെന്ന് കുഞ്ഞിനെ ചികിത്സിച്ച മിംസ് ആശുപത്രി പറയുന്നു. പൂർണമായും സൗജന്യമായിരുന്നു സെയ്ഫിൻറെ ചികിത്സ. മാസങ്ങള് നീണ്ട ആശുപത്രി വാസമവസാനിപ്പിച്ച് ആരോഗ്യവാനായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് സെയ്ഫും കുടുംബവും.