സഹകരണ ബാങ്കില്‍ ഉത്തരവ് ലംഘിച്ച് നിയമന പരീക്ഷ; പ്രതിഷേധം

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് പൊറ്റശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നിയമന പരീക്ഷ നടത്താനുള്ള നീക്കം സഹകാരികള്‍ തടഞ്ഞു. സാമ്പത്തികം വാങ്ങി ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമെന്നായിരുന്നു ആക്ഷേപം. പൊലീസും ഭരണസമിതിയുമായുള്ള ചര്‍ച്ചയില്‍ പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചു.

മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും അറിയിക്കാതെ ഒരുവിഭാഗത്തിനായി മാത്രം പരീക്ഷ നടത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ബാങ്കിലെ അഞ്ച് ഒഴിവുകളിലേക്കായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. നടത്തിപ്പില്‍ ക്രമക്കേടെന്ന് ആരോപിച്ച് ഒരുവിഭാഗം ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു. ഇത് മറച്ച് വച്ച് ഇഷ്ടക്കാര്‍ക്ക് മാത്രമായി പരീക്ഷ നടത്താന്‍ ശ്രമമുണ്ടെന്നായിരുന്നു വിമര്‍ശനം. 

നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതി കൂട്ടായെടുത്തതാണെന്നും ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം ബാങ്കിനെ തകർക്കുക മാത്രമാണെന്നും പ്രസിഡന്റ്.  യുഡിഎഫ് തീരുമാനപ്രകാരം ആദ്യ നാല് വര്‍ഷം കോൺഗ്രസും അവസാന ഒരു വർഷം മുസ്ലീം ലീഗുമാണ് ബാങ്ക് പ്രസിഡന്റ് പദവി വഹിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ശേഷം ഉടലെടുത്ത തര്‍ക്കങ്ങളാണ് പ്രതിസന്ധിക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്.