cusat

TAGS

കുസാറ്റ് സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർ അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  നാൽപ്പത്തിലധികം വിദ്യാർഥികൾക്കെതിരെ കേസെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് കുസാറ്റിൽ പൊലീസ് കാവൽ തുടരുകയാണ്.

ഇന്നലെ രാവിലെ മുതൽ ആരംഭിച്ച സംഘർഷത്തിലാണ് കണ്ടാലറിയാവുന്ന നാൽപതിലധികം വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തത്. നാല് കേസുകളാണ് വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഘംചേർന്നുള്ള ആക്രമണമടക്കം ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ്. സംഘർഷത്തിൽ പരുക്കേറ്റ അഞ്ച് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ പ്രവർത്തകരടക്കം നാല് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി സർവകലാശാല ക്യാമ്പസിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്ത സംഘടനത്തിൽ നിരവധി വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. രാവിലത്തെ സംഘർഷത്തിന് ശേഷം വൈകീട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ താമസിക്കുന്ന സഹാറ ഹോസ്റ്റലിലും പ്രശ്നങ്ങളുണ്ടായി.  ഹോസ്റ്റലിന് പുറത്തുള്ള വിദ്യാർഥികളുമായെത്തി എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ഹോസ്റ്റൽ യൂണിയൻ ആരോപിച്ചു. എന്നാൽ തങ്ങളെയാണ് ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ വാദം. SFI പ്രവർത്തകർ താമസിക്കുന്ന മുറിയിൽ തീയിട്ടതോടെ കാര്യങ്ങൾ കൈവിട്ടു. പൊലീസെത്തി ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്.