ഒരാഴ്ച, നിയമം ലംഘിച്ചത് 5078 ബസുകൾ; ഓപ്പറേഷൻ ഫോക്കസ് 3 തൂടരും

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തടയാന്‍ തുടങ്ങിയ പരിശോധനയുടെ ആദ്യഘട്ടം ഇന്ന് അവസാനിക്കുമെങ്കിലും നടപടി തുടരാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം. പകുതിയിലേറെ ബസുകളിലും നിയമലംഘനം കണ്ടെത്തിയതാണ് പരിശോധന വ്യാപിപ്പിക്കാന്‍ കാരണമായത്. അതേസമയം നിയമലംഘനത്തിന് പിടിക്കപ്പെടുന്ന ബസുകളില്‍  ഭൂരിഭാഗവും പിഴ പോലും അടയ്ക്കാതെ തടിതപ്പുകയാണ്. പിഴ ചുമത്തിയിട്ടും 23 ശതമാനം മാത്രമാണ് അടച്ചത്.

വ‍‍‍ടക്കഞ്ചേരി അപകടത്തിന് പിന്നാലെയാണ് ഓപ്പറേഷന്‍ ഫോക്കസ് ത്രീയെന്ന പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങിയത്. ഒരാഴ്ചക്കുള്ളില്‍ 5078 ബസുകളില്‍ നിയമലംഘനം കണ്ടെത്തി. അതിന്റെയര്‍ത്ഥം സംസ്ഥാനത്ത് സജീവമായി സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ അറുപത് ശതമാനത്തിലേറെയും നിയമലംഘനം നടത്തിയെന്നാണ്. യൂണിഫോം കളര്‍കോഡ് അംഗീകരിക്കില്ലെന്ന വ്യാപക പ്രചാരണം ബസുടമകള്‍ക്കിടയില്‍ നടക്കുന്നുമുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇന്നുകൊണ്ട് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന സംസ്ഥാന വ്യാപക പരിശോധന ഒരാഴ്ചകൂടിയെങ്കിലും തുടരാന്‍ തീരുമാനിച്ചത്. രൂപമാറ്റവും അനധികൃത ലൈറ്റുകളുമാണ് നിലവിലെ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ കണ്ടതെങ്കിലും 473 ബസുകള്‍ വേഗപ്പൂട്ടില്‍ തിരിമറി നടത്തി അമിതവേഗത്തില്‍ കുതിച്ചതായി സ്ഥിരീകരിച്ചു. 330 ബസുകളുടെ ഫിറ്റ്നസും 8 എണ്ണത്തിന്റെ റജിസ്ട്രേഷനും റദ്ദാക്കി. നിയമലംഘനങ്ങളുടെ പിഴത്തുക ഇരട്ടിയായി വര്‍ധിപ്പിച്ച് നടപടി വ്യാപകമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. എന്നാല്‍ പിഴ ചുമത്തുന്നതല്ലാത അത് തുകയായി സര്‍ക്കാരിന് ലഭിക്കുന്നത് വളരെ കുറവാണ്. ഈ വര്‍ഷം ഇതുവരെ 2,48, 65,011 രൂപ പിഴയായി ചുമത്തി. പക്ഷെ അടഞ്ഞ് കിട്ടിയത് വെറും 58,69,224 രൂപ മാത്രമാണ്. ചുമത്തിയതിന്റെ 23 ശതമാനം മാത്രം. അതായത് നിയമലംഘനത്തിന് പിടിക്കപ്പെടുന്നതില്‍ 75 ശതമാനത്തിലേറെപ്പേരും പിഴപോലും അടയ്ക്കാതെ മുങ്ങുകയാണ്.