ടൂറിസ്റ്റ് ബസുകളിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാതലത്തിൽ സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. ഭൂരിഭാഗം ബസുകളും ഓടുന്നത് നിയമങ്ങളെ വെല്ലുവിളിച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എയർഹോണുകളും അനധികൃത ലൈറ്റും ശബ്ദ സംവിധാനവും ഉപയോഗിച്ച ഇതര സംസ്ഥാന ബസുകൾക്കെതിരെയും നടപടി. 

ടൂറിസം കേന്ദ്രങ്ങളും പ്രധാന റോഡുകളും കേന്ദ്രീകരിച്ചായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ. പരിശോധന തുടങ്ങിയതിന് തൊട്ടുപിന്നാലെ ബസ് ജീവനകാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങളെത്തി. പിന്നീട് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടുകൾ. എയർഹോണിന്റെ ബന്ധം വിച്ചേദിക്കാൻ റോഡിൽ ബസിനടിയിൽ കിടന്ന് ജീവനക്കാരന്റെ പെടാപ്പാട്. 

പിന്നാലെ ബസ്സിനുള്ളിലെ ഡിജെ ലൈറ്റും ശബ്ദ സംവിധാനവും വിച്ചേദിച്ചു. തട്ടിപ്പ് ഉദ്യോഗസ്ഥർക്ക് ഒറ്റനോട്ടത്തിൽ ബോധ്യപ്പെട്ടു. ഒടുവിൽ ജീവനക്കാരുടെ കുറ്റസമ്മതം. തമിഴ്നാട്ടിൽ നിന്ന് എത്തിയ മൂന്നു ബസ്സുകൾക്കും കൊച്ചിയിൽ പിഴയീടാക്കി.  മോട്ടോർ വാഹന വകുപ്പിന് അറിയിക്കാതെ വിനോദയാത്രയ്ക്ക് പോയ റാന്നിയിൽ പിടികൂടി. നിയമലംഘനങ്ങൾ കണ്ടെത്തിയെങ്കിലും വൈകിട്ട്  യാത്ര അവസാനിക്കുമെന്നതിനാൽ ബസ് വിട്ടു നൽകി. പത്തനംതിട്ട മൈലപ്രയിൽ കാഴ്ച മറക്കുന്ന കൂളിംഗ് ഫിലിം ഒട്ടിച്ചതും അമിത പ്രകാശ സംവിധാനമുള്ളതുമായ മൂന്നു ബസ്സുകളും പിടികൂടി. തൃശൂർ പാലിയേക്കരയിൽ 7 ടൂറിസ്റ്റ് ബസുകൾക്കെതിരെ പിഴ ചുമത്തി.