ഫോണ്‍ എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി: വനംമന്ത്രി

പൊതുജനങ്ങളുടെ പരാതിക്ക് ഉദ്യോഗസ്ഥര്‍ പരിഹാരം കാണണമെന്നും ഫോണ്‍ എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍. വനംവകുപ്പിനെ ജനപ്രിയ വകുപ്പാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. 

വനംഡിവിഷനുകളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍, പരാതികളില്‍, ധനസഹായ ഫയലുകളില്‍ തീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് കൊല്ലത്ത് അദാലത്ത് സംഘടിപ്പിച്ചത്. ജനങ്ങള്‍ പരാതികളുമായി വനംഒാഫീസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് വനംമന്ത്രി. ഉദ്യോഗസ്ഥരെ പൊതുജനങ്ങള്‍ ഫോണ്‍ വിളിച്ചാല്‍ ചില റേഞ്ച് ഒാഫീസര്‍മാരും ഡിഎഫ്ഒമാരും ഇപ്പോഴും ഫോണില്‍ സംസാരിക്കുന്നില്ലെന്നും കര്‍ശനനടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ താക്കീത്. 

നഷ്ടപരിഹാരത്തിന് അര്‍ഹരായ വിവിധ വനംഡ‍ിവിഷനുകളിലുളളവര്‍ക്ക് തുക വിതരണം ചെയ്തു.  തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കി.