വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പതിവ് പരാതി ഒഴിവാക്കണം: മന്ത്രി

ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന പതിവ് പരാതി ഒഴിവാക്കാനുള്ള ഇടപെടൽ വേണമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. വനസംരക്ഷണത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയും സർക്കാരിന് പരമപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പാലക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു വനംമന്ത്രി. 

നിയമങ്ങൾ കർക്കശമാക്കുമ്പോൾ വിമർശനം വരുന്നത് സ്വാഭാവികമാണ്. ഇത് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് വനപാലകർ ചെയ്യേണ്ടത്. വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ജനജീവിതവും പ്രധാനമാണ്. വനാതിർത്തിയിൽ വനപാലകരും പ്രദേശവാസികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കണം. വിവാദങ്ങൾ ഒഴിവാക്കി സൗഹാർദപൂർവം മുന്നോട്ട് പോകാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും വനം മന്ത്രി പറഞ്ഞു. 

മുട്ടിൽ മരം മുറി വിവാദത്തിൽ വനപാലകർക്ക് പിഴവുണ്ടായില്ലെന്ന് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്‌റ്റാഫ് അസോസിയേഷൻ നാൽപ്പത്തി ഏഴാം സംസ്ഥാന സമ്മേളനം വിലയിരുത്തി. ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. വനപാലകർക്കെതിരായ കള്ളക്കേസിൽ ഒരുമിച്ച് നിയമ പോരാട്ടം നടത്തുമെന്നും യോഗം വിലയിരുത്തി.