നഷ്ടപരിഹാരം സമയബന്ധിതമായി കൈമാറും; സൗഹൃദ അന്തരീക്ഷം കൊണ്ടു വരും: മന്ത്രി

വന്യജീവി ആക്രമണത്തിൽ മരണപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തവർക്ക് നൽകാനുള്ള നഷ്ട പരിഹാര കുടിശ്ശിക സമയബന്ധിതമായി കൈമാറുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ജനങ്ങളുമായി ഏറെ അടുത്തു നിൽക്കുന്നവരാക്കി വനം വകുപ്പിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വാളയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം െചയ്യുകയായിരുന്നു മന്ത്രി. 

വന്യജീവി ആക്രമണത്തിൽപെട്ടവർക്ക് പന്ത്രണ്ട് കോടിയോളം രൂപ നഷ്ടപരിഹാരമായി നൽകാനുണ്ട്. പാലക്കാട് വനം സർക്കിളിന്റെ കീഴിൽ നിലവിലുള്ള നഷ്ട പരിഹാര കുടിശ്ശിക നൽകുന്നതിന് ഒരു കോടി എഴുപത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പാലക്കാട്, നെന്മാറ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ ഘട്ടം ഘട്ടമായി തുക നൽകും.

വ്യത്യസ്ത കാരണങ്ങളാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി ഭിന്നതയുണ്ടാകുന്നത് പതിവാണ്. ഈ പ്രവണത മാറി സൗഹൃദ അന്തരീക്ഷം കൊണ്ടുവരുന്നതിനാണ് ശ്രമം. കാട്ടു തീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും. അത്യാവശ്യ ഘട്ടങ്ങളിൽ തീയണക്കാനുള്ള സൗകര്യം വനംവകുപ്പിന് സ്വന്തമായി ഉണ്ടാകണം. എല്ലാ റേഞ്ച് ഓഫീസുകളിലും ഫോറസ്റ്റ് സ്‌റ്റേഷനുകളിലും ഇതിനുള്ള സൗകര്യം സൃഷ്ടിക്കും. ഇത്തരത്തിൽ കേരളത്തിൽ ആദ്യത്തെ സംരഭമാണ് മലമ്പുഴയിൽ ഫയർ ട്രാക്ടർ അനുവദിച്ചത്. കാട്ടുതീ വ്യാപന ആശങ്ക നിലനിൽക്കുന്ന വാളയാറിൽ ഉൾപ്പെടെ ഇത് പ്രതിരോധത്തിന് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ദ്രുത കര്‍മസേനയുടെ ഉപയോഗത്തിനായുള്ള വാഹനവും മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ സഹായങ്ങളും കൈമാറി.