കരിപ്പൂരിൽ കസ്റ്റംസ് സുപ്രണ്ട് 40 പവൻ സ്വർണം കടത്തിയത് വെറും 25,000 രൂപ പ്രതിഫലത്തിന്!

സ്വർണക്കടത്തു തേടി കരിപ്പൂർ പൊലീസ് കോഴിക്കോട് വിമാനത്താവളത്തിനു ചുറ്റും വല വിരിച്ചപ്പോൾ ഒരു മാസത്തിനിടെ കുടുങ്ങിയതു കസ്റ്റംസ് വിഭാഗത്തിലെ 3 ഉന്നത ഉദ്യോഗസ്ഥർ. അടുത്തിടെ ഒരു സൂപ്രണ്ടിന്റെയും ഹവിൽദാറിന്റെയും സസ്പെൻഷനിൽ എത്തിയതു പൊലീസ് ഇടപെടലിനെ തുടർന്നായിരുന്നു. യാത്രക്കാരൻ ഒളിപ്പിച്ചു കടത്തിയ സ്വർണം കാണാനില്ലെന്ന അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് സംശയങ്ങളാണ് 2 ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ എത്തിയത്.

കസ്റ്റംസ് സൂപ്രണ്ട് തമിഴ്നാട് പൊള്ളാച്ചി അളഗപ്പ നഗർ പി.മുനിയപ്പൻ പിടിയിലായതു തൊണ്ടി സഹിതമാണ്. ബന്ധുക്കളായ 2 യാത്രക്കാർ 320 ഗ്രാം വീതം സ്വർണമാണു കൊണ്ടുവന്നിരുന്നത്. അതിലൊന്നിനു നികുതി ചുമത്തി നോട്ടിസ് നൽകി. മറ്റൊന്നു കൈവശം വച്ചു. ഈ സ്വർണം വിമാനത്താവളത്തിനു പുറത്തെത്തിച്ചു നുഹ്മാന്‍ ജംക്‌ഷനില്‍ സൂപ്രണ്ട് താമസിക്കുന്ന ലോ‍ഡ്ജിനു സമീപം 25,000 രൂപ പ്രതിഫലത്തിനു കൈമാറാൻ ശ്രമിക്കുമ്പോൾ ആണു പിടിയിലായതെന്നു പൊലീസ് അറിയിച്ചു.

കാസര്‍കോട് തെക്കിൽ സ്വദേശികളും ബന്ധുക്കളുമായ അബ്ദുൽ നസീർ(46), കെ.ജെ.ജംഷീദ്(20) എന്നിവരാണു സ്വർണവുമായി എത്തിയത്. പരിശോധനയിൽ ഇവരിൽനിന്ന് 640 ഗ്രാം സ്വർണം കണ്ടെത്തിയെങ്കിലും 320 ഗ്രാം സ്വർണം മാത്രം രേഖപ്പെടുത്തി 320 ഗ്രാം സ്വർണം പുറത്തെത്തിച്ചുകൊടുക്കാമെന്ന ധാരണയിലെത്തി.

സ്വർണക്കടത്തു സംബന്ധിച്ചു പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. യാത്രക്കാരുടെ നീക്കങ്ങൾ നിരീക്ഷിച്ചു പിന്തുടർന്നാണ് പൊലീസ് വിമാനത്താവളത്തിനു സമീപത്തെ നുഹ്മാൻ ജംക്‌ഷനിൽനിന്നു കസ്റ്റംസ് സൂപ്രണ്ടിനെ സ്വര്‍ണവുമായി പിടിച്ചത്.

പിന്നീടാണ്, കുടുങ്ങിയതു സൂപ്രണ്ട് ആണെന്ന് അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥൻ ആയതിനാൽ നേരിട്ട് അറസ്റ്റ് രേഖപ്പെടുത്താനാകില്ല. മൊഴി രേഖപ്പെടുത്തി നടപടിക്രമങ്ങളുടെ ഭാഗമായി കോടതിക്കും കസ്റ്റംസ് മേലധികാരികൾക്കും റിപ്പോർട്ട് നൽകും. ജനുവരി മുതലാണ് പൊലീസിന്റെ സാന്നിധ്യം വിമാനത്താവള പരിസരത്തു സജീവമായത്.

രാവിലെ ജോലിസമയം കഴിഞ്ഞ ശേഷം വിളിക്കാനായി നമ്പറും നൽകി. ഇതുസംബന്ധിച്ചു ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരമാണു കസ്റ്റംസ് സൂപ്രണ്ടിനെ കുടുക്കിയത്. 320 ഗ്രാം സ്വര്‍ണത്തിനു പുറമേ, താമസ സ്ഥലം പരിശോധിച്ചപ്പോൾ 4,42,980 രൂപ, 500 യുഎഇ ദിർഹം, വിലപിടിപ്പുള്ള വാച്ചുകള്‍, 4 യാത്രക്കാരുടെ ഇന്ത്യൻ പാസ്പോർട്ടുകള്‍ തുടങ്ങിയവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കരിപ്പൂർ ഇൻസ്പെക്ടർ പി.ഷിബു, എസ്ഐ നാസർ പട്ടർകടവൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രക്കാരെയും മുനിയപ്പനെയും പിടികൂടിയത്.

സൂപ്രണ്ടിൽനിന്നു വിശദമായ മൊഴി രേഖപ്പെടുത്തി സിബിഐക്കും കസ്റ്റംസ് കമ്മിഷണർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്നു കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫ് അറിയിച്ചു. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 16 ലക്ഷം രൂപ വില വരും.

എയർപോർട്ട് അതോറിറ്റിയാണ് പൊലീസിനു ടെർമിനലിനു മുൻപിൽ പ്രത്യേക കൗണ്ടർ അനുവദിച്ചത്. തുടർന്നു മാസങ്ങൾകൊണ്ട് ഏകദേശം 44 കിലോഗ്രാം സ്വർണം കരിപ്പൂർ പൊലീസിന്റെ നേതൃത്വത്തിൽ പിടികൂടിയിട്ടുണ്ട്. ഇന്നലത്തെ സംഭവത്തോടെ ഇതുവരെ 52 കേസുകളായി. പൊലീസിനു പുറമേ, കസ്റ്റംസും ഡിആർഐയും പ്രിവന്റീവ് കസ്റ്റംസും അടുത്തിടെ പിടികൂടിയ സ്വർണത്തിന്റെ കണക്കിലും വർധനയുണ്ട്.