അരയ്ക്ക് താഴോട്ട് തളർന്നു, തോൽക്കാൻ മനസില്ലാതെ ചെല്ലപ്പൻ; വാക്കറിലെ അതിജീവനം

കൃഷിയിടത്തിൽ വീണ് ശരീരം പാതി തളർന്നെങ്കിലും വാക്കറിന്റെ സഹായത്തിൽ കൃഷിയിലൂടെ സാമൂഹിക സേവനം കൂടി നടത്തുകയാണ് വൈക്കം തലയാഴം സ്വദേശിയായ ചെല്ലപ്പൻ എന്ന കർഷകൻ. വിലക്കയറ്റം നിയന്ത്രിക്കാൻ സ്വന്തം നാട്ടിൽ കുറഞ്ഞ വിലക്ക് പച്ചക്കറി എത്തിച്ചാണ് ചെല്ലപ്പൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.  ഇതുകൊണ്ട് മാത്രം പരിഹാരം ഉണ്ടാവില്ലെന്ന് കണ്ടതോടെ ഉത്പാദനം കൂട്ടാൻ ഒരുപതിറ്റാണ്ടിലധികമായി വിശ്രമമില്ലാത്ത അദ്ധ്വാനത്തിലാണ് 65 കാരനായ ഈ കർഷകൻ .

ഇലക്ടിക്കൽ എൻജിനിയറിംഗ് പഠിച്ച്  ജോലി ചെയ്തിരുന്ന ചെല്ലപ്പൻ സമരം ചെയ്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്.,വിലക്കയറ്റത്തിന്റെ രൂക്ഷത മനസിലാക്കി 2007 ൽ നാട്ടിൽ പച്ചക്കറി എത്തിച്ച് കുറഞ്ഞ വിലക്ക് വിറ്റു. പണം നഷ്ടമായതല്ലാതെ ഇറക്കുമതി കൊണ്ട് ഗുണമില്ലെന്നും ഉത്‌പാദനമാണ് വേണ്ടതെന്ന തിരിച്ചറിവാണ് ഒന്നര പതിറ്റാണ്ടായി കൃഷിരംഗത്ത് തുടരാനുള്ള പ്രചോദനം. ബാഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്റ്റിസ്റ്റ്യൂട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് സെന്ററിൽ നിന്ന് പച്ചക്കറി തൈ ഉൽപാദനത്തിൽ പരിശീലനം നേടി. തലയാഴത്ത് വീടിനോട്‌ ചേർന്നും പാട്ടത്തിനെടുത്തും ജൈവ പച്ചക്കറികൃഷി നടത്തി. ഇതിനിടയിൽ കൃഷിയിടത്ത് വീണ് അരക്ക് താഴേക്ക് തളർന്നു. വാക്കറിന്റെ സഹായത്തോടെ എഴുന്നേൽക്കാനായതൊടെ വീണ്ടും കൃഷിയിടത്തിറങ്ങി.

വാക്കറിന്റെ സഹായത്തോടെ വൈക്കം ,ചേർത്തല പ്രദേശങ്ങളിലെ കൃഷിഭവനുകളിലും, കുടുംബശ്രീ യൂണിറ്റുകളിലും  കുറഞ്ഞ വിലയിൽ പച്ചക്കറി തൈകൾ എത്തിച്ചുനൽകുന്നുണ്ട് .കോവിഡ് കാലത്ത് ഒരു ലക്ഷത്തിലധികം പച്ചക്കറി തൈകൾ ആവശ്യക്കാർക്ക് സൗജന്യമായി നൽകി. വാക്കറിന്റെയും ഊന്നുവടിയുടെയും സഹായത്താൽ സ്വന്തം പെട്ടി ഓട്ടോയിലാണ് ആവശ്യക്കാർക്ക് തൈകൾ എത്തിച്ച് നൽകുന്നത്.. ശാരീരിക അവശതകൾക്കിടയിലും ഈ കർഷകന്റെ  യാത്രകൾ തുടരുകയാണ്.