തീരശോഷണത്തിൽ നിന്നും രക്ഷയില്ല; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍ സഭാ നേതൃത്വം

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍ സഭാ നേതൃത്വം. തീരശോഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ വമ്പന്‍ പ്രതിഷേധത്തിലാണ് സഭയുടെ രോഷപ്രകടനം. വീടുനഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യവും ഭരണാധികാരികള്‍ക്ക് തീരവാസികളോട് നിസംഗതയാണെന്ന്  ലത്തീന് അതിരൂപത അധ്യക്ഷന്‍ ഡോ. തോമസ് ജെ നെറ്റോയും തുറന്നടിച്ചു. ബോട്ടും വലയുമായെത്തിയ പ്രകടനത്തെത്തുടര്‍ന്ന് എം.ജി. റോഡില്‍ നാലുമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. 

നാലരവര്‍ഷമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് മല്‍സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബോട്ടിറക്കിയത്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുക, വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കുക,തുടങ്ങിയ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം. മ്യൂസിയത്തിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം അതിരൂപത അധ്യക്ഷന്‍ ഡോ. തോമസ് ജെ നെറ്റോ തുടങ്ങിവര്‍ നേതൃത്വം നല്‍കി. വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് സൂസപാക്യം.

ശാരീരിക അവശതകള്‍ മറന്ന് ഡോ. സൂസപാക്യം സമരത്തിലുടനീളം പങ്കാളിയായത് മല്‍സ്യത്തൊഴിലാളികള്‍ക്ക് ആവേശമായി . വൈദ്യകരും കന്യാസ്ത്രീകളും മല്‍സ്യത്തൊഴിലാളികളും പ്രതിഷേധത്തില്‍ അണിനിരന്നു. നേരത്തെ ബോട്ടുകളുമായിയെത്തിവരെ വിവിധ ഇടങ്ങളില്‍ പൊലീസ്  തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.  തിരുവല്ലം, ഈഞ്ചയ്ക്കല്‍, ജനറല് ആശുപത്രി ജംക്ഷന്‍, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകള് പൊലീസ് തടഞ്ഞത്.  വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. വള്ളങ്ങള് പൊലീസ് തടഞ്ഞതോടെ അവ റോഡിലിറക്കിവച്ച് പ്രതിഷേധിച്ചു. ഈ മാസം പതിനാറിന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടത്തിന് മുന്നില്‍ മല്‍സ്യബന്ധനയാനങ്ങളുമായി പ്രതിഷേധിക്കും.