പരാതി പരിഹരിക്കാൻ 'നഗരസഭ ജനങ്ങളിലേക്ക്'; പരിഹാരം ഒരു മാസത്തിനകം

ജനങ്ങളുടെ പരാതികള്‍ക്ക് വേഗം പരിഹാരമെന്ന വാഗ്ദാനത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷന്റെ നഗരസഭ ജനങ്ങളിലേക്ക് എന്ന പദ്ധതിക്ക് തുടക്കം. എന്നാല്‍ ശ്രീകാര്യത്തെ ഉദ്ഘാടന സമ്മേളനത്തിനടുത്ത് ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബി.ജെ.പിയുടെ സമരപന്തലിലേക്ക് കോര്‍പ്പറേഷന്‍ ഉച്ചത്തില്‍ പാട്ടുവച്ചതാണ് ബഹളത്തിന് കാരണമായത്.

നികുതിവെട്ടിപ്പ്, പട്ടികജാതി ഫണ്ട് തട്ടിപ്പ്, കെട്ടിട നമ്പര്‍ തട്ടിപ്പ്..ഇങ്ങിനെ ഉദ്യോഗസ്ഥര്‍ പ്രതികളായ അഴിമതികളുടെ ഘോഷയാത്രയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍. മേയറുടെയും ഭരണസമിതിയുടെയും വീഴ്ചയെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് നഗരസഭ ജനങ്ങളിലേക്കെന്ന ജനസമ്പര്‍ക്കം മോഡല്‍ പദ്ധതിയുമായി ആര്യാ രാജേന്ദ്രന്‍ ഇറങ്ങുന്നത്. സോണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഒരു ദിവസത്തെ ക്യാംപ്. നാട്ടുകാര്‍ക്ക് നേരിട്ടെത്തി പരാതി നല്‍കാം. ഒരു മാസത്തിനകം പരിഹാരമെന്നാണ് വാഗ്ദാനം.

ഉദ്ഘാടനം നടക്കുന്ന ശ്രീകാര്യത്തെ സോണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരെത്തി. സമാധാനപരമായി നടത്തിയ അവരുടെ സമരം പൊളിക്കാന്‍ കോര്‍പ്പറേഷന്‍ വളഞ്ഞ വഴി സ്വീകരിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാരടക്കം സമരക്കാരുടെ പ്രസംഗം പോലും നാട്ടുകാര് കേള്‍ക്കാതിരിക്കാനായി അവരുടെ പന്തലിന് നേര്‍ക്ക് ബോക്സ് വച്ചു. അതില്‍ എല്ലായ്പ്പോഴും സിനിമാപാട്ടുകളും. ഇതോടെ ബി.ജെ.പി പ്രതിഷേധം കടുപ്പിച്ചതോടെ പൊലീസുമായി തര്‍ക്കമായതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഒടുവില്‍ ബി.ജെ.പികാര്‍ക്കും മൈക്കും ബോക്സും ഉപയോഗിച്ച് സമരം ചെയ്യാന്‍ അനുവദിച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്.