പുര നിറഞ്ഞവർക്കായി മംഗല്യം; വ്യത്യസ്തമായി പിണറായി ഗ്രാമ പഞ്ചായത്ത്

കണ്ണൂർ പിണറായിയിൽ മുപ്പത്തിയഞ്ച് വയസു പിന്നിട്ട അവിവാഹിതർക്ക് മംഗല്യത്തിന് വഴി ഒരുക്കുകയാണ് ഗ്രാമ പഞ്ചായത്ത്. സൗജന്യ ഓൺലൈൻ റജിസ്ട്രേഷൻ വഴിയാണ്  പദ്ധതി നടപ്പിലാക്കുക. വയസു തിരിച്ചു അനുയോജ്യരായവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് തയ്യാറാക്കി വിവാഹം നടത്തും.

കണ്ണൂർ പിണറായി പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുന്ന 35 വയസു പിന്നിട്ട യുവതി യുവാക്കളാണോ നിങ്ങൾ , വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ , ഉണ്ടെങ്കിൽ പഞ്ചായത്ത് നേതൃത്വം ഏറ്റെടുത്തു വധുവിനെയോ വരനെയോ കണ്ടെത്തി വിവാഹം നടത്തി തരും.വിവാഹം കഴിക്കേണ്ടവർക്ക് ഓൺ ലൈനായി റജിസ്റ്റർ ചെയ്യാം. സമയത്ത് വിവാഹം നടക്കാത്തത് ഒരു സാമൂഹിക പ്രശ്നമായാണ് പിണറായി പഞ്ചായത്ത് ഭരണ സമിതി കാണുന്നത് വയസു തിരിച്ച് അനുയോജ്യമായവരുടെ പട്ടിക പഞ്ചായത്താണ് തയ്യാറാക്കുക. ഇതിനായി പ്രത്യേക സബ് കമ്മിറ്റി രൂപീകരിക്കും. ഇവയിൽ നിന്നു വധു വരൻമാരെ കണ്ടെത്തിയാൽ പിന്നെ നേരിൽ കാണാനുള്ള സൗകര്യം പഞ്ചായത്ത് തന്നെ ഒരുക്കും. പരസ്പരം ഇഷ്ടപ്പെട്ടാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തന്നെ രണ്ടു പേർക്കും കൗൺസിലിംഗ്. ശേഷം  എല്ലാവർക്കുമായി പിണറായി കൺവെൻഷൻ സെന്ററിൽ വെച്ച് സമൂഹ വിവാഹം , പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വിവാഹമെങ്കിലും ഇതിന്റെ ചിലവ് അവരവർ തന്നെ വഹിക്കണം. വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ  എത്തുന്നവർക്ക് ചായ ഏർപ്പെടുത്തിയും നേരത്തെ പിണറായി പഞ്ചായത്ത് മാതൃകയായിരുന്നു.