ജനവാസമേഖലയില്‍ വീണ്ടും ഒറ്റയാന്റെ പരാക്രമം; അട്ടപ്പാടിയില്‍ വ്യാപക കൃഷിനാശം

അട്ടപ്പാടിയില്‍ ജനവാസമേഖലയില്‍ വീണ്ടും ഒറ്റയാനിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. നാട്ടുകാരും വനംവകുപ്പും ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും വീണ്ടും കൃഷിയിടത്തില്‍ നിലയുറപ്പിക്കുന്ന അവസ്ഥയാണ്. ഒരാഴ്ച മുന്‍പ് വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കൊമ്പനാണ് വീണ്ടും ഭീഷണി ഉയര്‍ത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. 

അട്ടപ്പാടി നരസിമുക്ക്, വൈദ്യര്‍ കോളനി, കൊട്ടമേട് തുടങ്ങിയ പ്രദേശങ്ങളിലാണ് വീണ്ടും ഒറ്റയാനിറങ്ങിയത്. കൃഷിയിടത്തില്‍ നിലയുറപ്പിച്ച ഒറ്റയാന്‍ ഏക്കര്‍ക്കണക്കിന് വിള നശിപ്പിച്ചു. നാട്ടുകാര്‍ ബഹളം കൂട്ടി കൊമ്പനെ തുരത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. വനപാലകരെത്തി കൊമ്പനെ കാടുകയറ്റാന്‍ ശ്രമിച്ചത് ഭാഗികമായി വിജയിച്ചു. എന്നാല്‍ വനാതിര്‍ത്തി വിട്ട് മാറാത്ത കൊമ്പന്‍ വീണ്ടും കൃഷിയിടത്തിലിറങ്ങി നഷ്ടമുണ്ടാക്കി. കന്നുകാലികളെ തീറ്റിക്കാനായി പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയെന്നാണ് ആക്ഷേപം. 

ഒരാഴ്ച മുന്‍പ് രാത്രിയില്‍ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ ഒറ്റയാനാണ് വീണ്ടും പ്രത്യക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെയും വനാതിര്‍ത്തിയില്‍ വ്യത്യസ്ത ഇടങ്ങളില്‍ കൊമ്പന്റെ സാന്നിധ്യം വനപാലകരും സ്ഥിരീകരിച്ചതാണ്. പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയ വനംവകുപ്പ് ജനവാസമേഖലയിലെ രാത്രികാല പരിശോധന കൂട്ടിയിട്ടുണ്ട്.