ഓരോ ആഴ്ചയിലും അപകടങ്ങൾ; ഡ്രൈവർമാർക്ക് പേടിസ്വപ്നമായി പാണ്ടിയന്‍മാവ് വളവ്

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍  പാണ്ടിയന്‍മാവിലെ അപകടവളവ് ശരിയാക്കാൻ  നടപടി ഇല്ലെന്ന് പരാതി. രണ്ട്  ഹെയര്‍പിന്നുകളുള്ള പാണ്ടിയന്‍മാവില്‍ ഓരോ ആഴ്ചയിലും നിരവധി അപകടങ്ങളാണുണ്ടാവുന്നത്. ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്ന റോഡരികിലെ ജീര്‍ണിച്ച കെട്ടിടം പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡില്‍ ജില്ലാ അതിര്‍ത്തിയ്ക്ക് സമീപമാണ് ഡ്രൈവര്‍മാര്‍ക്ക് പേടിസ്വപ്‌നമാകുന്ന പാണ്ടിയന്‍മാവ് വളവ്. ചരക്കുലോറികളും ജീപ്പുകളും ടിപ്പറുകളുമടക്കം ഇവിടെ മറിഞ്ഞ വാഹനങ്ങൾ എത്രയെന്ന് എണ്ണിയാല്‍ തീരില്ല. ഇറക്കമിറങ്ങിവരുന്ന വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പ്രതീക്ഷിക്കാത്ത കൊടുംവളവാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. ലോഡുമായെത്തിയ ലോറികള്‍ സംരക്ഷണഭിത്തിയ്ക്ക് താഴേയ്ക്ക് മറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

വാഹനങ്ങള്‍ ഇടിച്ചുതകര്‍ന്ന സംരക്ഷണഭിത്തി പലതവണ പുനർനിർമിക്കേണ്ടി വന്നു.വളവുകള്‍ക്കിടയിലെ ജീര്‍ണിച്ച ആളൊഴിഞ്ഞ കെട്ടിടം നീക്കം ചെയ്താല്‍ വാഹനങ്ങള്‍ക്ക് വഴി വ്യക്തമാകും.  അപകടസൂചനാ സിഗ്നലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം പലപ്പോഴായി ഉയർന്നെങ്കിലും നടപടി ഇല്ല.അപകടാവസ്ഥ പരിഹരിക്കുന്നത് വരെ സമീപത്തെ വീടുകളിൽ താമസിക്കുന്നവരുടെ ഭീതി ഒഴിയില്ലെന്ന് നാട്ടുകാർ പറയുന്നു