രഹസ്യമൊഴി മുക്കിയത് ഇടതുസഹയാത്രികര്‍; കസ്റ്റംസിനെതിരെ 'കേസരി'യിൽ ലേഖനം

സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ വിസമതിച്ചതിന് പിന്നാലെ  കസ്റ്റംസിനെതിരെ ഗുരുതര ആരോപണവുമായി ആർഎസ്എസ് വാരികയിൽ ലേഖനം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പരാമർശമുള്ള രഹസ്യമൊഴി മുക്കിയത് കസ്റ്റംസിലെ ഇടത് സാഹയാത്രികരാണെന്ന്  കേസരിയിലെ ലേഖനം കുറ്റപ്പെടുത്തുന്നു. ബിജെപി നേതൃത്വം അകറ്റി നിർത്തിയ മുൻ വക്താവ് പി.ആ‌ർ ശിവശങ്കറിന്റേതാണ്  ലേഖനം.  

സ്വർണക്കടത്ത് അന്വേഷണം കേന്ദ്ര ഏജൻസികൾ തന്നെ അട്ടിമറിച്ചുവെന്ന സംശയം ആർഎസ്എസിനുമുണ്ട്. മാരീചൻ വെറുമൊരു മാനല്ലെന്ന' കേസരിയിലെ  കവർസ്റ്റോറി ഇതിന് അടിവരയിടുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളിൽ നിറയുന്ന ബിരിയാണി ചെമ്പും ഡോളറും സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ കസ്റ്റംസിന് രഹസ്യമൊഴിയായി നൽകിയിരുന്നു. കസ്റ്റംസിലെ ഇടത് സഹയാത്രികർ ഇത് മുക്കിയതാണ്  അന്വേഷണം ഇഴയാൻ കാരണമെന്നാണ്  ലേഖനത്തിലെ ആരോപണം. ഡോളർ കടത്തിലെ രഹസ്യമൊഴി ഇഡിക്ക് കൈമാറാൻ കസ്റ്റംസ് വിസമ്മതിച്ചതും ആരോപണം ശരിവെക്കുന്നു. സ്വർണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ഒരാൾ  മാധ്യമങ്ങളോട് പ്രതികരിച്ചതും ശിവശങ്കരൻ തന്റെ പുസ്തകത്തിൽ കസ്റ്റംസിനെയും എൻഐഎയെയും കടനാക്രമിക്കാത്തതും ലേഖനത്തിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എൻഐഎയെ ക്ഷണിച്ചത് ശിവശങ്കരൻ്റെ ബുദ്ധിയാണെന്ന് സ്വപ്ന പറഞ്ഞതും ലേഖനത്തിലുണ്ട്. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ സിപിഎം ബിജെപി ധാരണയുണ്ടെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് ആർ എസ് എസ് നേതൃത്വത്തിൻ്റെ അറിവോടെയുള്ള പി.ആർ ശിവശങ്കരൻ്റെ ലേഖനം.