'ലക്ഷ്മിദേ‍വിയുടെ നിധിയാണ് ഈ മണ്ണ്'; മലയാളികൾ സ്നേഹമുള്ളവരെന്നും മോദിയുടെ സഹോദരൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി കേരളത്തിൽ. കേരളത്തിലെ ‘ഗരം മസാല’യെ‍ക്കുറിച്ച് കേട്ടറി‍വുണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിലോ രാഷ്ട്രീയ കാര്യങ്ങളിലും ഇടപെ‍ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ലക്ഷ്മിദേ‍വിയുടെ നിധിയാണ് ഈ മണ്ണ്. കേരളീയർ വളരെ സ്നേഹം ഉള്ളവരാണ്. നാലാം വട്ടമാണ് ഇവിടേക്ക് വരുന്നത്. മൂന്നു പ്രാവശ്യം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രിയ സുഹൃത്ത് ക്ഷണിച്ചതു കൊണ്ടാണ് വന്നത്. കേരളം കാണാൻ നല്ലതാണ്. ഇവിടത്തെ ഗരം മസാല‍യെക്കുറിച്ചും കേട്ടിരിക്കുന്നു. ഇന്ത്യയുടെ എല്ലാ ഭാഗവും മനോഹരമാണ്'– എന്ന് അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രിയെ‍ക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, മോദി പ്രധാനമന്ത്രിയായതു കൊണ്ട് നിങ്ങൾക്ക് സന്തോഷമല്ലേ എന്നായിരുന്നു മറുചോദ്യം. പ്രധാനമന്ത്രി എന്ന നിലയിലും സഹോദരൻ എന്ന നിലയിലും നരേന്ദ്രമോദിയുമായി നല്ല ബന്ധമാ‍ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉറ്റ സുഹൃത്തും മുംബെ‍യിലെ പ്രമുഖ വ്യവസാ‍യിയുമായ കൊല്ലം തേവലക്കര അലക്സാണ്ടർ പ്രിൻസ് വൈദ്യന്റെ മകൾ പ്രവീണയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രഹ്ലാദ് മോദി. വിശ്വഹിന്ദു മഹാ സംഘ് ദേശീയ അധ്യക്ഷൻ കൂടിയാണ് പ്രഹ്ലാദ് മോദി. പ്രഹ്ലാദ് മോദിയുമായി കാൽനൂറ്റാണ്ടുകാ‍ലത്തെ സൗഹൃദമു‍ണ്ടെന്നു അലക്സാണ്ടർ പറഞ്ഞു. ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ് ഡീലേഴ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായ പ്രഹ്ലാദ് മോദി 26 നു നാട്ടിലേക്കു മടങ്ങും.