കരിമ്പിൻ തൈ മുളപ്പിച്ച് പരീക്ഷണം; ചെലവ് കുറവ്, ഉൽപാദനം ഇരട്ടി

ആദ്യമായി കരിമ്പിന്‍ തൈ മുളപ്പിച്ച് പരീക്ഷണവുമായി പന്തളം കരിമ്പ് വിത്തുല്‍പാദന കേന്ദ്രം. ആദ്യം ഒരേക്കറിലാണ് പരീക്ഷണം. കരിമ്പിന്‍ തലപ്പ് നടുന്നതിലും ഉല്‍പാദനം കൂടുമെന്നാണ് പ്രതീക്ഷ.

<വെട്ടിയ കരിമ്പിന്‍റെ തലപ്പാണ് സാധാരണ ഗതിയില്‍ നടുന്നത്. കരിമ്പില്‍ തലപ്പിന്‍റെ ചെലവും കൈകാര്യം ചെയ്യാനുള്ള ചെലവും ബുദ്ധിമുട്ടും കുറയ്ക്കാനാണ് തൈ പരീക്ഷിക്കുന്നത്. കരിമ്പിന്‍ തലപ്പിലെ മുകുളങ്ങള്‍ പ്രത്യേക തരത്തില്‍ ഇളക്കിയെടുത്താണ് തൈകളാക്കുന്നത്. സാധാരണ ഒരേക്കറിലേക്ക് കരിമ്പിന്‍ തലക്കത്തിനായി 28000 രൂപയും വാഹനച്ചെലവും വരുമെങ്കില്‍ മൂന്നിലൊന്ന് ചെലവില്‍ കരിമ്പിന്‍ തൈകള്‍ നടാം. ഉല്‍പാദനവും ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ

4500 തൈകളാണ് ഇക്കുറി തയാറാക്കിയത്. അഞ്ചടി അകലത്തിലാണ് തൈകള്‍ നടുന്നത്. ആദ്യത്തെ മൂന്ന് മാസം ഇടവിളയായി മറ്റ് കൃഷികളും ചെയ്യാം. കരിമ്പ് നടാന്‍ ചെലവായ തുക ഇടവിളയിലൂടെ തിരിച്ചു പിടിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മുകുളങ്ങള്‍ ഇളക്കിയെടുത്ത ശേഷമുള്ള കരിമ്പ് ജ്യൂസിനും ഉപയോഗിക്കാം പദ്ധതി വിജയകരമായാല്‍ കരിമ്പ് കര്‍ഷകര്‍ക്ക് ഇവിടെ നിന്ന് കുറഞ്ഞ വിലയില്‍ തൈകള്‍ വിതരണം ചെയ്യാനാവും. കോയമ്പത്തൂരിലെ ഷുഗര്‍ കെയ്ന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ പരിശീലനം ലഭിച്ചത്