പില്ലറിന്റെ ബലക്ഷയം പരിഹരിച്ചു; മെട്രോ സർവീസ് നിയന്ത്രണം പിൻവലിച്ചു

കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ആം നമ്പര്‍ പില്ലറിന്റെ ബലക്ഷയം പരിഹരിച്ചു. അധിക പൈലിങ് നടത്തിയാണ് പില്ലര്‍ ബലപ്പെടുത്തിയത്. അറ്റകുറ്റപ്പണിക്കുശേഷമുള്ള പരിശോധനകള്‍ ഇന്നലെ രാത്രി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ട്രെയിന്‍ നിയന്ത്രണം പിന്‍വലിച്ചു.

നേരിയ ചെരിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് ആദ്യമാണ് അറ്റകുറ്റപ്പണിക്കായി പത്തടിപ്പാലത്തെ 347 ാം നമ്പര്‍ പില്ലറിന്റെ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പതിവ് പരിശോധനയ്ക്കിടെ പാളത്തില്‍ നേരിയ വ്യതിയാനം കണ്ടെത്തിയതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പില്ലറിന്റെ പൈലിങ്ങ് അടിത്തട്ടിലെ പാറയില്‍ ഉറപ്പിച്ചിട്ടില്ലായിരുന്നു. ഇതോടെ നാല് പൈലുകള്‍ അധികമായി സ്ഥാപിച്ചു. പൈല്‍ക്യാപ്പുകൊണ്ട് തൂണുമായി ബന്ധിപ്പിച്ചു. ബല പരിശോധനയും, വേഗ പരിശോധനയും നടത്തിയ ശേഷമാണ് ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്. ഇരു ട്രാക്കുകളും പ്രവര്‍ത്തന സജ്ജമാക്കി പത്തടിപ്പാലത്തെ പ്രശ്നം പരിഹരിച്ചതോടെ എല്ലാ ട്രെയിനുകളും ആലുവ മുതല്‍ പേട്ടവരെ സര്‍വീസ് നടത്തും. നിയന്ത്രണമുണ്ടായിരുന്നതിനാല്‍ ഇരുപത് മിനിറ്റ് ഇടവിട്ടാണ് സര്‍വീസ് നടത്തിയിരുന്നത്. ഇനി മുതല്‍ 7.30 മിനിറ്റ് ഇടവേളയില്‍ സര്‍വീസുണ്ടാകും. കുസാറ്റ് മുതല്‍ പത്തടിപ്പാലം വരെയുള്ള വേഗനിയന്ത്രണം ഘട്ടംഘട്ടമായി ഒഴിവാക്കും.