മെട്രോ ഇനി എസ്എൻ ജംഗ്ഷനിലേക്ക്; സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ട് കൈമാറി

കൊച്ചി മെട്രോയുടെ പേട്ട- എസ്.എന്‍.ജംക്‌ഷന്‍ പാതയ്ക്ക് റെയില്‍ സേഫ്റ്റി കമ്മീഷണറുടെ അന്തിമാനുമതി. കമ്മീഷണര്‍ നടത്തിയ സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ട് കെ.എം.ആര്‍.എല്ലിന് കൈമാറി. ഇതോടെ ഈ മാസം അവസാനം ഉദ്ഘാടനത്തിനുള്ള നടപടികള്‍ കെ.എം.ആര്‍.എല്‍ ആരംഭിച്ചു.

റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് റായിയുടെ നേതൃത്വത്തില്‍ ഈ മാസം 9, 10, 11 തീയതികളില്‍ നടത്തിയ പരിശോധനയ്ക്കുശേഷമാണ് സുരക്ഷാ അനുമതി നല്‍കിയത്. പേട്ട- എസ്.എന്‍.ജംക്‌ഷന്‍ പാതയിലെ സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ വിശദമായി സംഘം പരിശോധിച്ചിരുന്നു. ഇതെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. പാതയിലെ ട്രെയിന്‍ സര്‍വീസ്, അടിയന്തര സാഹചര്യങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, അവയുടെ കാര്യക്ഷമത, ബ്രേക്കിങ് സംവിധാനങ്ങള്‍ എന്നിവയും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. ട്രയല്‍ റണ്‍ സമയത്തെ പരിശോധനാ ഡേറ്റയും  വിശകലനം ചെയ്തു. ഇതിനുശേഷമാണ് സേഫ്റ്റി കമ്മീഷണര്‍ അന്തിമാനുമതി നല്‍കിയത്. മറ്റ് പരിശോധനകളെല്ലാം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. അന്തിമാനുമതി ലഭിച്ചതോടെ ഈ മാസം അവസാനം സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ കെ.എം.ആര്‍.എല്‍ തുടങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള‍ുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് ഉദ്ഘാടനം നടത്തുക. തീയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വടക്കേക്കോട്ടയും, എസ്.എന്‍.ജംക്‌ഷനുംകൂടി ചേരുന്നതോടെ കൊച്ചി മെട്രോയുടെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. കെ.എം.ആര്‍.എല്‍ നേരിട്ട് നിര്‍മാണം നടത്തിയ ആദ്യപാതയാണ് പേട്ട- എസ്.എന്‍ ജംക്‌ഷന്‍. 1.8 കിലോമീറ്റര്‍ പാതയ്ക്ക് ആകെ 453 കോടി രൂപയാണ് നിര്‍മാണച്ചെലവ്.