വിദ്യാര്‍ഥിയെ ആക്രമിച്ചു; കാട്ടുപന്നിയെ വനംവകുപ്പ് വെടിവച്ചുകൊന്നു

കോഴിക്കോട് തിരുവമ്പാടിയില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വനംവകുപ്പ് വെടിവച്ചുകൊന്നു. 12കാരനായ അദ്നാനാണ് പരുക്കേറ്റത്. കുട്ടി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

വനംവകുപ്പിന്‍റെ എംപാനല്‍ ഷൂട്ടര്‍ എം. സെബാനാണ് വീട്ടുവളപ്പില്‍ കുടുങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നത്. ഇതോടെ ഏറെ നേരം നീണ്ട പരിഭ്രാന്തി നിറഞ്ഞ അന്തരീക്ഷത്തിനാണ് അയവ് വന്നത്. രാവിലെ ഒമ്പതേകാലോടെയാണ് 12കാരനായ അദ്്നാന് നേരെ കാട്ടുപന്നി ആക്രമണം ഉണ്ടായത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ചേപ്പിലംകോട് റോഡിലൂടെ സൈക്കിളില്‍ വരികയായിരുന്നു അദ്നാന്‍. പന്നിയുടെ കുത്തേറ്റ് ഇരുകാലുകള്‍ക്കും പരുക്കേറ്റ കുട്ടി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. 12 തുന്നലുകളുണ്ട്. 

മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നിയെ കൊല്ലാനുള്ള അധികാരം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ആ നടപടിയിലേയ്ക്ക് കടക്കുന്നതിന് തൊട്ടമുമ്പാണ് വിദ്യാര്‍ഥിക്ക് നേരെയുള്ള കാട്ടുപന്നി ആക്രമണം.