വീണ്ടും കടക്കെണിയിലേക്കില്ല; കാട്ടുപന്നിയെ പേടിച്ച് വാഴക്കൃഷി ഒഴിവാക്കി കര്‍ഷകര്‍

കാട്ടുപന്നിയെ പേടിച്ച് വാഴക്കൃഷി ഒഴിവാക്കി തൃത്താലയിലെ ഒരുവിഭാഗം കര്‍ഷകര്‍. പരുതൂരിലെ കര്‍ഷകരാണ് ഓണവിപണിയില്‍ പോലും ഇടംപിടിക്കാതെ നിരാശരായത്. മുന്‍കാലങ്ങളില്‍ കാട്ടുപന്നി ആക്രമണം കാരണം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്നും വീണ്ടും കടക്കെണിയിലാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും കര്‍ഷകര്‍. 

മുക്കാല്‍ ലക്ഷത്തിലധികം വാഴ നട്ടിരുന്ന കൃഷിയിടത്തില്‍ ഇത്തവണയുള്ളത് പകുതിയില്‍ താഴെ മാത്രം. പരുതൂർ പഞ്ചായത്തിലെ

തെക്കേക്കുന്ന്, കരിയന്നൂർ, പരുതൂർ പാടശേഖരങ്ങളിലാണ് കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. ഒരു തരത്തിലും പന്നിക്കൂട്ടത്തെ പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൃഷി ഉപേക്ഷിച്ചതെന്ന് കര്‍ഷകര്‍. 

രാത്രിയിലെത്തുന്ന പന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. പന്നിയെ പിടികൂടാൻ വനപാലകരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നു. മുന്‍കാലങ്ങളില്‍ ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ പലരും കടക്കെണിയിലെത്തി എന്നതും ഇത്തവണ കൃഷിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി.