തൃക്കാക്കരയില്‍ പ്രതിപക്ഷം രാഷ്ട്രീയം പറയണം; വെല്ലുവിളിച്ച് ഇടതുമുന്നണി

തൃക്കാക്കരയില്‍ രാഷ്ട്രീയം പറയാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഇടതുമുന്നണി. ഒളിച്ചുവയ്ക്കെണ്ടതും, പൂഴ്ത്തിവയ്ക്കേണ്ടതും, സ്വകാര്യമായി പറയേണ്ടതും പ്രതിപക്ഷം ആവര്‍ത്തിക്കുകയാണെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. രാഷ്ട്രീയം പറയാന്‍ കഴിയാത്തത് ഇടതുമുന്നണിയ്ക്കാണെന്നും, അതുകൊണ്ടാണ് അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരിച്ചടിച്ചു. പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ വിവാദങ്ങള്‍ക്ക് പിടികൊടുക്കാതെ സ്ഥാനാര്‍ഥികള്‍ കളം നിറഞ്ഞ വോട്ടഭ്യര്‍ഥനയിലാണ്.

പ്രചാരണത്തില്‍ മുന്നേറാനും മേല്‍ക്കൈ നഷ്ടമാകാതിരിക്കാനുള്ള പരിശ്രമത്തിലുമാണ് മുന്നണികള്‍. അതിജീവിതയുടെ ഹര്‍ജിയും, വിവാദങ്ങളും, സ്ത്രീസുരക്ഷയുമൊക്കെ പ്രചാരണത്തില്‍ ആരോപണവും പ്രത്യാരോപണവുമായി നിറയുമ്പോള്‍ തൃക്കാക്കരയില്‍ രാഷ്ട്രീയം പറയാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ് ഇടതുമുന്നണി.

തൃക്കാക്കരയില്‍ രാഷ്ട്രീയം പറയാന്‍ ഇല്ലാത്തത് സര്‍ക്കാരിനാണെന്നാണ് പ്രതിപക്ഷ ആരോപണം.  എന്നാല്‍ വിവാദങ്ങള്‍ക്കുള്ള മറുപടി നേതാക്കള്‍ക്ക് വിട്ട്, പ്രചാരണത്തില്‍ മാത്രമാണ് സ്ഥാനാര്‍ഥികളുടെ ശ്രദ്ധ. വോക് വിത് ജോ എന്ന പേരില്‍ ഡി.വൈ.എഫ്. ഐ നടത്തിയ പരിപാടിയോടെ ആയിരുന്നു ഇടതു സ്ഥാനാര്‍ഥിയുടെ ഇന്നത്തെ പ്രചാരണതുടക്കം. കലൂരില്‍ റണ്‍ ടു വിന്‍ എന്നപേരില്‍ സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ പങ്കെടുത്ത് ഉമാതോമസും ഇന്നത്തെ പ്രചാരണത്തിന് തുടക്കമിട്ടു.