ബിജുവിന്റെ മരണം കൊലപാതകം; കണ്ടെത്തിയത് റീ പോസ്റ്റ്മോർട്ടത്തിലൂടെ

തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂര ഉപദ്രവത്തിന് ഇരയായ കുട്ടികളുടെ അച്ഛന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശി ബിജുവിനെയാണ് കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് റീ പോസ്റ്റുമോര്‍ട്ടത്തിലൂടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഹൃദയാഘാതം മൂലമുള്ള മരണമെന്നായിരുന്നു ഭാര്യയും ബന്ധുക്കളും പറഞ്ഞിരുന്നത്. 

കേരള മനസാക്ഷിയെ മരവിപ്പിച്ചതായിരുന്നു തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകം. അമ്മയുടെ കാമുകനായ തിരുവനന്തപുരം കവടിയാര്‍ സ്വദേശി അരുണ്‍ ആനന്ദ് മര്‍ദിച്ചും ചവിട്ടിയുമാണ് ആ കുഞ്ഞിനെ കൊന്നത്. അതിന്റെ അന്വേഷണത്തിനിടയിലാണ് നാല് വയസുകാരനായ ഇളയ കുട്ടിയെ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരവും കണ്ടെത്തുന്നത്. ഇതിനെല്ലാം പിന്നാലെ ഈ കുഞ്ഞുങ്ങളുടെ അച്ഛനും കൊല്ലപ്പെട്ടതാണെന്ന നിര്‍ണായക കണ്ടെത്തലിലേക്കെത്തുകയാണ് അന്വേഷണസംഘം. തിരുവനന്തപുരം സ്വദേശിയായിരുന്ന ബിജു കുടുംബസമേതം തൊടുപുഴയില്‍ താമസിക്കവേ 2018 മെയ് 23നാണ് മരിച്ചത്. ഹൃദയാഘാതമെന്നാണ് ഭാര്യയും ബന്ധുക്കളും പറഞ്ഞതും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതും. എന്നാല്‍ ബിജുവിന്റെ അച്ഛന്റെ പരാതിയില്‍ പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് റീ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ ഹൃദയാഘാതമല്ലെന്നും കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നും കണ്ടെത്തി. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൊന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. എങ്കിലും ബിജുവിന്റെ ഭാര്യ, അവരുടെ അമ്മ, കാമുകനായ അരുണ്‍ ആനന്ദ് എന്നിവരേ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം അവരുടെ വീട്ടിലിരിക്കെയാണ് ബിജു മരിക്കുന്നത്. അതാണ് അവരെ സംശയിക്കാന്‍ കാരണം. ബിജുവിന്റെ മരണം നടന്ന ഏതാനും ആഴ്ചകള്‍ കഴിഞ്ഞതോടെ ഭാര്യ കാമുകനായ അരുണിനൊപ്പം താമസം തുടങ്ങി. അതിനാല്‍ കൊലപാതകത്തില്‍ അരുണിന്റെ പങ്കും സംശയിക്കുന്നു. അരുണിനൊപ്പം താമസിക്കാന്‍ തുടങ്ങിയത് മുതലാണ് കുട്ടികള്‍ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായത്.