വാക്കുതർക്കം; സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടയ്ക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

തിങ്കളാഴ്ച രാത്രി നോബിളും മജുവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യപിച്ച ശേഷം സ്ഥിരമായി ഇരുവരും തമ്മിൽ ഉണ്ടാകുന്ന വാക്കുതർക്കം കയ്യാങ്കളിയിലും എത്തിയിരുന്നു. ഇന്നലെയും വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് ഇരുവരും കയർത്തു. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മജുവിനെ നോബിൾ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജു സ്ഥിരമായി തന്നെ മർദിക്കാറുണ്ടായിരുന്നെന്ന് നോബിൾ പൊലീസിനോട് പറഞ്ഞു. തൊടുപുഴ പൊലീസ് കസ്റ്റഡിയിലാണ് പ്രതി നോബിൾ തോമസ്. മജുവിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.