പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴിത്തിരവായി; വയോധികന്‍റെ മരണം കൊലപാതകം

തൊടുപുഴ മുട്ടത്തെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയായ യേശുദാസിന്റെ മരണമാണ് കൊലപാതകം എന്ന് തെളിഞ്ഞത്. കേസിൽ അയൽവാസിയായ ഉല്ലാസിനെ മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ജനുവരി 24നാണ് മുട്ടത്തെ ലോഡ്ജിൽ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് മർദ്ദനമേറ്റെന്ന് മനസിലായത്. തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. പത്തൊമ്പതാം തീയതി യേശുദാസും ഉല്ലാസും തമ്മിൽ ലോഡ്ജ് മുറിയിൽ സംഘട്ടനം ഉണ്ടായി. തലക്ക് മർദ്ദനമേറ്റ് യേശുദാസ് വീണതോടെ പ്രതി സ്ഥലംവിട്ടു. 24ന് ദുർഗന്ധം വന്നതിനെ തുടർന്ന് ലോഡ്ജ് മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണം.

മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെത്തിയിരുന്നു. അതിനാൽ ആദ്യം ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ നിഗമനം. കൊലയ്ക്ക് പിന്നിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് സംശയിക്കുന്നു.  ഇതിനായി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 20 വർഷമായി മുട്ടത്ത് ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു യേശുദാസ്, ഭാര്യയും മക്കളും ഉപേക്ഷിച്ചതിനെ തുടർന്നാണ് മുട്ടത്ത് എത്തിയത്. മൃതദേഹം സ്വീകരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ഇതോടെ സംസ്കരിക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങി.

Thodupuzha death confirmed as murder