12 മുതൽ 14 വയസ്സുകാർക്ക് കോർബെവാക്‌സ് മാത്രം; മാർഗനിർദേശം പുറത്തിറക്കി

12 നും 14 നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ നാളെ ആരംഭിക്കാനിരിക്കെ മാർഗനിർദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം. കോർബെവാക്‌സ് മാത്രമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുക. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനിടെ പഞ്ചാബ് എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി.

15 വയസിന് മുകളിലുള്ള അർഹരായ മുഴുവൻ പേരും കോവിഡ് ആദ്യ ഡോസും പകുതി പേർ രണ്ടാം ഡോസും സ്വീകരിച്ച സാഹചര്യത്തിലാണ്  12 - 14 പ്രായപരിധിയിലേക്ക് കടക്കുന്നത്.   കോർബെവാക്‌സ് മാത്രമാണ് വിതരണം ചെയ്യുക എന്നും ഇതിനായി പ്രത്യേക സെന്ററുകൾ ഒരുക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിൽ പറയുന്നു.

 2010 മാർച്ച് 15 നോ അതിനു മുമ്പോ ജനിച്ചവരാകണം. കോവിനിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അകൗണ്ടിലൂടെയോ രെജിസ്റ്റർ ചെയാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 60 വയസിന് മുകളിലുള്ളവർക്കുള്ള  കരുതൽ ഡോസ് വിതരണവും നാളെ തുടങ്ങും.  സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ദൂഷൻ വാക്സിനേഷൻ തയ്യാറെടുപ്പുകൾ വിലയിരുത്തി. പ്രതിദിന കേസുകൾ 50 ൽ താഴെ എത്തിയതോടെ പഞ്ചാബ് എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കി. നാളെ  സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെയാണ് തീരുമാനം. മാസ്കും സാമൂഹ്യ അകലവും പാലിക്കുന്നത് തുടരണമെന്ന് സർക്കാർ ആവർ ത്തിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാത്രി കർഫു, പൊതു ഇടങ്ങളിലെ കൂട്ടം ചേരലുകൾ അടക്കമുളള നിയന്ത്രണങ്ങൾ താൽക്കാലികമായി നീക്കിയിരുന്നു. ഇതോടെ നിയന്ത്രണങ്ങൾ പൂർണമായി നീക്കുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ്.