തൃശൂർ കലക്ടറുടെ കോവിഡ് ബോധവൽക്കരണം; വിമർശന കമന്റിന്റെ പ്രവാഹം

തൃശൂര്‍ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ കോവിഡ് ബോധവല്‍ക്കരണ സന്ദേശമിട്ടതിന് പിന്നാലെ വിമര്‍ശന കമന്റുകളുടെ പ്രവാഹം. സി.പി.എം. തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തായിരുന്നു വിമര്‍ശനം. അവസാനം, കമന്റ് ബോക്സ് പൂട്ടി. 

 ‘കൂട്ടം കുറച്ചാല്‍ നേട്ടം കൂടും ’ എന്നതായിരുന്നു തൃശൂര്‍ ജില്ലാ കലക്ടറുടെ കോവിഡ് ബോധവല്‍ക്കരണ സന്ദേശം. ഫെയ്സ്ബുക് പേജില്‍ ഈ സന്ദേശത്തിനു ചുവടെ കമന്റുകളുടെ പ്രവാഹമായിരുന്നു. ഈ സന്ദേശം വലിയ ബോര്‍ഡിലാക്കി സി.പി.എം. സമ്മേളന വേദിയില്‍ തൂക്കാനായിരുന്നു ഉപദേശം. ഫെയ്സ്ബുക്കില്‍ നിന്ന് സി.പി.എം. സമ്മേളന വേദിയിലേയ്ക്കിറങ്ങി നടപടിയെടുക്കാനും ആവശ്യം ഉയര്‍ന്നു. 

ഒന്നിനു പുറകെ ഒന്നാകെ സന്ദേശങ്ങള്‍ പെരുകി. നെഗറ്റീവ് കമന്റുകളുടെ എണ്ണം 258 ആയതോടെ കമന്റ് ബോക്സ് പൂട്ടി. പിന്നെ, ആര്‍ക്കും കമന്റിടാന്‍ കഴിഞ്ഞിരുന്നില്ല. തിരക്കുകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണമെന്ന സന്ദേശമായിരുന്നു വ്യാപക വിമര്‍ശനം നേരിട്ടത്. 175 പേ‍ര്‍ പങ്കെടുത്ത സി.പി.എം. ജില്ലാ സമ്മേളനത്തിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. കലക്ടറേറ്റ് കവാടത്തില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ തിരുവാതിര കളിച്ചായിരുന്നു പ്രതിഷേധിച്ചത്. 

ഹാളുകളിലെ പരിപാടികള്‍ക്ക് അന്‍പതു പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന ചട്ടം സി.പി.എമ്മുകാര്‍ മറികടന്നതായിരുന്നു വിമര്‍ശനത്തിന് കാരണം.