രാജമാണിക്യത്തിന്റെ പിറന്നാൾ ആഘോഷമാക്കി നാട്; പോത്തിന്റെ കഥാ ക്ലൈമാക്സ്

മലപ്പുറം കാളികാവ് പൂങ്ങോട് തൊടികപ്പുലം സ്വദേശി രാജമാണിക്യത്തിന്‍റെ നാലാം പിറന്നാൾ  ആഘോഷമാക്കി നാട്. തൊടികപ്പുലത്ത് സംഘടിപ്പിച്ച ചടങ്ങിൽ കേക്കുംമുറിച്ചും പായസം വിതരണം ചെയ്തുമാണ് നാട്ടുകാർ പിറന്നാൾ ആഘോഷിച്ചത്. രാജമാണിക്യം ഒരു പോത്താണന്ന് അറിയുമ്പോഴാണ് പിറന്നാള്‍ കഥയുടെ ക്ലൈമാക്സ്. 

കൊച്ചു കുട്ടികളടക്കം പിറന്നാളാഘോഷത്തിനെത്തിയിരുന്നു. ടൗണില്‍ സംഘടിപ്പിച്ച പിറന്നാളാഘോഷത്തിൽ ഗ്രാമപഞ്ചായത്ത് അംഗം  ഷിജിമോൾ കേക്കുമുറിച്ചു. തുടർന്ന് രാജമാണിക്യത്തിന്‍റെ ഉടമയും നാട്ടുകാരനുമായ നീലേങ്ങാടൻ ബഷീർ കേക്ക് പിറന്നാളുകാരന്‍റെ വായിൽ വച്ചു നൽകി. നാലു വർഷം മുന്‍പ് പാലക്കാട് വാണിയംകുളം ചന്തയിൽ നിന്ന് വാങ്ങിയ രണ്ട് പോത്തുകളിൽ ഒന്നാണ് രാജമാണിക്യം. സ്വന്തം മക്കളേക്കാൾ കരുതലും സ്നേഹവും നൽകി വളർത്തി. ഇന്ന് ഒരു ടണ്ണിലധികം തൂക്കമുള്ള പോത്തിന് പത്ത് ലക്ഷം വരെ വില പറഞ്ഞിട്ടും കൊടുക്കാൻ മനസുവന്നില്ലെന്ന് ബഷീർ പറയുന്നു.മുറയിനത്തിൽപ്പെട്ട പോത്തിന് പ്രത്യേകതരം ഭക്ഷണമാണ് നൽകുന്നത്. പോത്തിന് അമിത വണ്ണമാണന്ന് അഭിപ്രായം വന്നതോടെ ഭക്ഷണത്തിന് ചില നിയന്ത്രണങ്ങള്‍ എർപ്പെടുത്തിയിട്ടുണ്ട്.  നാട്ടുകാർക്ക് ഇന്നുവരെ രാജമാണിക്യത്തെക്കൊണ്ട് ശല്യങ്ങളൊന്നും ഉണ്ടായിട്ടില്ല. കുട്ടികളോടാണങ്കില്‍ വലിയ ഇണക്കത്തിലുമാണ്.