കുരങ്ങുകൾ കൂട്ടത്തോടെ ചത്തു; വൈദ്യുതാഘാതമേൽപ്പിച്ചോയെന്ന് സംശയം; വനംവകുപ്പ് അന്വേഷണം

കൊല്ലം അഞ്ചൽ ആനക്കുളം വനമേഖലയിൽ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നതാണെന്നാണ് സംശയം. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ആനക്കുളം കുടുക്കത്തുപാറ ടൂറിസം മേഖലയിലാണ് ഒന്‍പതു കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

ചത്ത കുരങ്ങുകളെ പരിശോധിച്ചപ്പോള്‍ വൈദ്യുതാഘാതം ഏറ്റ നിലയിലായിരുന്നു. പ്രദേശത്ത് കുരങ്ങിന്റെ ശല്യം ഒഴിവാക്കാൻ കരുതിക്കൂട്ടി കുരങ്ങിനെ വൈദ്യുതാഘാതം ഏൽപ്പിച് കൊന്നതാണ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുമെന്ന് വനപാലകര്‍ അറയിച്ചു. പ്രദേശത്തോട് ചേര്‍ന്നുളളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വനപാലകര്‍ നിരീക്ഷണം ശക്തമാക്കി.