അതിതീവ്ര വ്യാപനം; അതിര്‍ത്തി പരിശോധന കര്‍ശനമാക്കി കേരളം

കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പരിശോധന കര്‍ശനമാക്കി കേരളവും. കര്‍ണാടകയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്പോസ്റ്റിലും പരിശോധന ഊര്‍ജിതമാക്കി. എന്നാല്‍ യാത്രാപാസുള്‍പ്പടെയുള്ള മുന്‍കാല സൗകര്യങ്ങള്‍ ഇല്ലാത്തത് അതിര്‍ത്തിയിലെ താമസക്കാരെ വലയ്ക്കുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് പുറമേ വയനാട് ജില്ലാ ഭരണകൂടവും നടപടികള്‍ കടുപ്പിച്ചിരുന്നു. മന്ദഗതിയിലായിരുന്നു അതിര്‍ത്തി പരിശോധന കര്‍ശനപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ഇന്നലെയാണ് ഉത്തരവിട്ടത്. ഇതുപ്രകാരം കര്‍ണാടക അതിര്‍ത്തികളായ ബാവലി, മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവടങ്ങളിലും തമിഴ്നാട് അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമാക്കി. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ജനുവരി ഒന്ന് മുതല്‍ പൊലീസിനെ അതിര്‍ത്തികളില്‍ വീണ്ടും വിന്യസിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തി കടന്ന് ദിവസവും ജോലിക്കും കൃഷിയാവശ്യങ്ങള്‍ക്കും ഉള്‍പ്പടെ പോകുന്നവര്‍ക്ക് പാസ് നല്‍കുന്ന കാര്യത്തില്‍‍ തീരുമാനമായിട്ടില്ല. ഇത് അതിര്‍ത്തിയിലെ താമസക്കാരില്‍ വ്യാപക പരാതിക്ക് വഴിവെച്ചിട്ടുണ്ട്.

നിലവില്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. കേരളവും തമിഴ്നാടും രണ്ട് ഡോസ് വാക്സീന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമോ ആണ് ആവശ്യപ്പെടുന്നത്. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ജില്ലകളിലും തീവ്രമാണ് കോവിഡ് വ്യാപനം.