പൊളിച്ച് മാറ്റി നാല് വര്‍ഷം പിന്നിട്ടു; ബസ് സ്റ്റാൻഡ് വികസനത്തിന് പച്ചക്കൊടി

പൊളിച്ച് മാറ്റി നാല് വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം തുടങ്ങാന്‍ കഴിയാതിരുന്ന പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് വികസനത്തിന് പച്ചക്കൊടി.   ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിനായി വി.കെ.ശ്രീകണ്ഠന്‍ എം.പി രണ്ട് കോടി രൂപ അനുവദിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. 

പല തവണ ആധുനിക ബസ് ടെര്‍മിനല്‍ നിര്‍മിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. സാമ്പത്തികമായിരുന്നു പ്രതിസന്ധി. പതിനഞ്ച് കോടി വരെയുള്ള പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചയാണ് തടസമായത്. യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയുള്ള ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിനാണ് നിലവിലെ തീരുമാനം. രണ്ട് കോടി ചെലവില്‍ പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കും. കെട്ടിടം പൊളിച്ചതിന് പിന്നാലെ വ്യാപാരികള്‍ ഉള്‍പ്പെടെ പലരും കച്ചവടം ഒഴിവാക്കിയിരുന്നു. 

ഈ പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. ടെണ്ടര്‍ നടപടികളും രൂപരേഖയും പാലക്കാട് നഗരസഭ പൂര്‍ത്തിയാക്കും. ബസ് സ്റ്റാന്‍ഡ് നിര്‍മാണം വൈകുന്നതിനെതിരെ നിരവധി സമര പരമ്പരകളാണ് വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തിലുണ്ടായത്.