48 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിനു മുകളിൽ

സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു . ഇതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം  528 ആയി. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ മുപ്പതിന് മുകളിലാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  കോഴിക്കോടും തൃശൂരും രോഗബാധിതരുടെ നിരക്കുയരുന്നു. ടി പി ആർ പിടിവിട്ട് ഉയരുമ്പോഴും സി പി എം ജില്ലാ സമ്മേളനമുൾപ്പെടെ പൊടിപൊടിക്കുന്ന കാഴ്ചയാണ് നാട്ടിൽ. പുതിയ  ക്ളസ്റ്ററുകൾ രൂപപ്പെടുമ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ആശങ്കയാണ്. 

തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലും മൂവായിരത്തിനു മുകളിലാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. ഇന്നലെ ടി പി ആർ 36.5 % . മൂവായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ച എറണാകുളത്ത് 30 .84 % മാണ് രോഗ സ്ഥിരീകരണ നിരക്ക്. കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലും ടി പി ആർ 20 കടന്നു. മുപ്പതിനു മുകളിൽ ടി പി ആർ ഉയന്നാൽ അപായ രേഖയ്ക്ക് മുകളിലെന്നാണ് കഴിഞ്ഞ രണ്ടു തരംഗങ്ങളിലേയും അനുഭവം. ടി പി ആർ 30 കടന്നാൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്നാണ് ഇന്നലെയിറക്കിയ ഉത്തരവ്. നിയന്ത്രണങ്ങൾ പക്ഷേ കടലാസിൽ മാത്രമാണ്. തിരുവനന്തപുരത്ത് സി പി എം ജില്ലാ സമ്മേളമുൾപ്പെടെ ഒരു മുടക്കവുമില്ലാതെ തുടരുന്നു. അവസാന ദിനത്തിലെ ആയിരങ്ങൾ പങ്കെടുക്കാനിടയുള്ള  സമ്മേളനം ഒഴിവാക്കി.   രോഗ സ്ഥിരീകരണ നിരക്ക് 20 നു മുകളിലുള്ള ജില്ലകളിൽ വിവിധ ചടങ്ങുകളിലെ ആളെണ്ണം 50 ആയി ചുരുക്കിയതും ഉത്തരവിൽ മാത്രം . രോഗവ്യാപനം ആശങ്കയുയർത്തുമ്പോഴും സ്കൂളുകൾ 21 ന്  അടച്ചാൽ മതിയെന്ന തീരുമാനത്തിലെ യുക്തിയും വ്യക്തമല്ല. കണക്കുകൾ ആ പത് ശങ്കയുയർത്തുമ്പോഴും വാക്സീ നെടുത്ത ഭൂരിഭാഗം പേർക്കും കടുത്ത രോഗലക്ഷണങ്ങളില്ലെന്നതാണ് ആശ്വാസം .