ധീരജ് വധം: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി

ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ചൊണ് പൊലീസ് അന്വേഷണം നടക്കുന്നതെന്ന ആരോപണവുമായി ഇടുക്കി ഡിസിസി രംഗത്തെത്തി. കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ഇന്ന് രണ്ട്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി

ധീരജിനെ കുത്തിക്കൊന്ന കേസിൽ റിമാൻറിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയയും പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിൻറെ ആവശ്യം. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ഇടുക്കി കോടതി നാളെ പരിഗണിച്ചേക്കും. സംഭവത്തിൽ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

കൊലപാതകിക്ക് പരസ്യമായി സംരക്ഷണം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു. കേസിൽ ഒളിവിലുളള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.