ഓഖി ദുരന്തം വിതച്ചിട്ട് 4 വർഷം; പദ്ധതികളൊന്നും നടപ്പായില്ല

ഓഖി ദുരന്തത്തിന് ഇന്ന് നാലാം വാര്‍ഷികം. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനായി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെ നടപ്പായില്ല. ശാസ്ത്രീയ മുന്നറിയിപ്പുകളുടെ അഭാവം മൂലം കടലില്‍ പോകാന്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ദിവസം കുറഞ്ഞതും തീരദേശക്കാര്‍ക്ക് തിരിച്ചടിയാകുന്നു. അതേസമയം പുനരധിവാസ പാക്കേജിലെ സാമ്പത്തിക സഹായം ലഭിച്ചതോടെ ഭൂരിഭാഗം പേരും ദുരന്തത്തില്‍ നിന്ന് കരകയറി.

143 ജീവനുകളാണ് അന്ന് കടലെടുത്തത്. അച്ഛനില്ലാതായ മക്കളുടെയും ഭര്‍ത്താവും സഹോദരങ്ങളും നഷ്ടപ്പെട്ട സ്ത്രീകളുടെയും കണ്ണീരായിരുന്നു തിരുവനന്തപുരത്തെ തീരത്ത് 2017ലെ നവംബര്‍ അവശേഷിപ്പിച്ചത്. അന്ന് പൂന്തുറയിലെ കണ്ണീര്‍ക്കാഴ്ചകളിലൊന്നായിരുന്നു അച്ഛന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന നിധിന്‍.

നാലാം വാര്‍ഷിക നാളില്‍ നിധിന്റെ വീട്ടിലേക്കാണ് പോയത്. അമ്മ ദേവനേശി മാത്രമാണുള്ളത്. കണ്ണീരുണങ്ങിയിട്ടില്ല. ഇതിനിടയിലും സന്തോഷമുണ്ട്. അച്ഛന്‍ ജോണ്‍സണിന്റെ സ്വപ്നം പൂവണിയാറായി. നിധിനും സഹോദരി നിത്യയും എം,ബി.ബി.എസിന് ചേര്‍ന്നു. ഇളയമകള്‍ നീതു ബിരുദാനന്തരബിരുദത്തിനും. പുതിയ വീടും വച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് വലിയ വീഴ്ചകളില്ലാതെ നടപ്പാക്കിയതാണ് ഇവരേപ്പോലെ ഭൂരിഭാഗം കുടുംബത്തിനും ആശ്രയമായത്. എന്നാല്‍ ദുരിതബാധിത കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയെന്ന ആവശ്യം നടപ്പായിട്ടില്ല.