കുഴി ഒഴിയാതെ കാപ്പാട് കൊയിലാണ്ടി റോഡ്; ദുരിതം

കോഴിക്കോട് ജില്ലയിലെ തീരദേശ പാതയായ കാപ്പാട് കൊയിലാണ്ടി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. വിനോദ സഞ്ചാര കേന്ദ്രം കൂടിയായ കാപ്പാടേക്ക് സ‍ഞ്ചാരികള്‍ എത്തുന്നത് ഏത് നിമിഷവും കടലെടുത്തേക്കാവുന്ന റോഡ് വഴിയാണ്. പുലിമുട്ട് നിര്‍മ്മിക്കാതെ റോഡ് പണിതതാണ് ജനങ്ങളെ ദുരിതയാത്രയിലേക്ക് തള്ളിവിട്ടതെന്ന് തീരദേശവാസികള്‍ പറയുന്നു. 

ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ്. കുറഞ്ഞ സമയത്തിനുള്ളില്‍ കാപ്പാട് നിന്നും കൊയിലാണ്ടി എത്താനുള്ള പാത കൂടിയാണിത്. ശക്തമായ മഴയും കടലാക്രണവും റോഡിന്‍റെ രൂപം തന്നെ മാറ്റി. ഒന്ന് ശ്രദ്ധതെറ്റിയാല്‍ അപകടം ഉറപ്പ്. പ്രധാനമന്ത്രി ഗ്രാമീണ്‍ ശടക് യോജന പ്രകാരമാണ് റോഡ് നിര്‍മ്മിച്ചത്. കടലാക്രമണം തടയാന്‍ പുലിമുട്ട് അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ റോഡ് നിര്‍മ്മിച്ചിട്ട് കാര്യമില്ലെന്ന് തീരദേശവാസികള്‍ പറയുന്നു. പൊതുമരാമത്ത് റോഡ് അല്ലാത്തത് കൊണ്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.