പൂഞ്ഞാറിൽ മണ്ണിടിച്ചിൽ; വീടുകൾ അപകടാവസ്ഥയിൽ; നാട്ടുകാരുടെ പ്രതിഷേധം

പൂഞ്ഞാര്‍ പെരിങ്ങുളം ചട്ടമ്പി റോഡില്‍ മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലായി.  അശാസ്ത്രീയ റോഡ് നിര്‍മ്മാണമാണ് മണ്ണിടിച്ചിലിന്ന് കാരണമെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡ് നിർമിക്കാൻ പാറക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ നടത്തിയ സ്‌ഫോടനവും മണ്ണിടിച്ചിലിന് കാരണമായതായി സംശയം. 

പെരിങ്ങുളം ചട്ടമ്പി ഏന്തയാര്‍ റൂട്ടിൽ എര്‍ത്തേല്‍ ജോര്‍ജ് തോമസിന്റെ വീടിന്റെ താഴ്ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. വീടിന്റെ തറയോട് ചേര്‍ന്നുള്ള ഭാഗം വരെ ഇടിഞ്ഞതോടെ വീട് അപകടാവസ്ഥിയിലായി.  മണ്ണ് നീക്കുന്നതിനിടെ  ബാക്കി ഭാഗം കൂടി ടിഞ്ഞതോടെ തെങ്ങും റബ്ബര്‍ ഉൾപ്പെടെയുള്ള മരങ്ങളും നശിച്ചു. മണ്ണും കല്ലും വീണ് ഇത് വഴിയുള്ള ഗതാഗതവും  തടസപ്പെട്ടു. റോഡ് നിര്‍മാണത്തിന് മുന്‍പ് മൂന്നടി മാത്രം ഉയരത്തിലായിരുന്ന വീട് കയറ്റം കുറച്ച് റോഡ് നിര്‍മ്മിച്ചതോടെ 35 അടിയിലധികം ഉയരത്തിലായി. റോഡ് നിര്‍മാണ സമയത്ത് പരാതി നല്കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.മണ്ണിടിഞ്ഞതിനെ തുടർന്ന് സമീപത്തെ രണ്ടു വീടുകളും അപകടാവസ്ഥയിലാണ്.  മഴ പെയ്താല്‍ വീണ്ടും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുന്നു.