ജോജുവിനെതിരെ ട്രോൾമഴ; സമരവിജയം ആഘോഷിച്ച് കോൺഗ്രസ്

കേന്ദ്രസർക്കാർ ഇന്ധനവില നികുതി കുറച്ചത് സമരനേട്ടമായി ഉയർത്തി കേരളത്തിൽ കോൺഗ്രസ്. കൊച്ചിയിൽ നടൻ ജോജുവിനെതിരായ അതിക്രമത്തിലുണ്ടായ തിരിച്ചടി മറിക്കടക്കാനായെന്ന വിലയിരുത്തലാണ് പാർട്ടി. സമൂഹമാധ്യമങ്ങളിൽ ജോജുവിനെ ട്രോളിയാണ്  നേതാക്കൾ സമരവിജയം ആഘോഷമാക്കിയത്. 

കൊച്ചിയിലെ റോഡ് ഉപരോധത്തിലുണ്ടായ ക്ഷീണം ഇന്ധനവില കുറച്ചോടെ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയാണ് കോൺഗ്രസ്. സമരത്തെ തെരുവിൽ നേരിട്ട നടൻ ജോജു ജോർജിനെ പരസ്യമായും പരോക്ഷമായും കുത്തിയാണ് നേതാക്കളുടെ പ്രതികരണങ്ങൾ എല്ലാം. കോൺഗ്രസിന്റെ സമരഫലമാണുണ്ടായതെന്നും സമരത്തെ തകർക്കാൻ ശ്രമിച്ചവർക്ക് കുറഞ്ഞവിലയിൽ ഇന്ധനം ലഭ്യമാകുമെന്നും ജോജുവിനെ ട്രോളി കെ.സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചതോടെ നേതാക്കൾക്കും ആവേശമായി. ജോജുവിനെ പോലെ ഉയർന്ന വിലയ്ക്ക് ഇന്ധനം നിറയ്ക്കാൻ കഴിവുള്ളവരല്ല സാധാരണക്കാരെന്ന് അനിൽഅക്കര കുറിച്ചപ്പോൾ ജോജുവിനും വേണ്ടിയായിരുന്നു സമരമെന്ന് ബിന്ദുകൃഷ്ണയുടെ എഴുതി. വിജയം അരാഷ്ട്രീയ സെലിബ്രിറ്റി ഷോജുമാരുടെതല്ലെന്നായിരുന്നു വി.ടി.ബലറാമിന്റെ പരിഹാസം. സമരത്തിൽ പങ്കെടുത്ത് കേസിൽപ്പെട്ട എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മുൻ മേയർ ടോണി ചമ്മിണിയുടെയും ഫേസ്ബുക്ക് പേജുകളിൽ പ്രവർത്തകർ അഭിവാദ്യങ്ങളുമായി അണിനിരന്നു. കോട്ടയത്ത് ലഡു വിതരണം ചെയ്തായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആഘോഷം.

സമരവിജയം തെരുവിൽ തന്നെ ആഘോഷമാക്കി സമരങ്ങൾക്കെതിരായ വികാരം മായ്ക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.