മരിച്ച സഹപ്രവർത്തകന്റെ സഹോദരിക്ക് മംഗല്യഭാഗ്യമൊരുക്കി കോൺഗ്രസ് നേതാവ്; നന്മ

അകാലത്തിൽ അന്തരിച്ച സഹപ്രവർത്തകന്റെ സഹോദരിക്ക് മംഗല്യഭാഗ്യമൊരുക്കി കോൺഗ്രസ് നേതാവ് സിമി റോസ് ബെൽ ജോൺ. ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ വൈപ്പിൻ സ്വദേശി മോഹൻ ഷാജിയുടെ സഹോദരി ശ്രീകലയുടെ വിവാഹമാണ് ലളിതമായി നടത്തിയത്.

സഹോദരന്റെ വിയോഗത്തിന് പിന്നാലെ കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റിയ ശ്രീകലയുടെ വിവാഹമായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് വർഷം മുന്‍പാണ് ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന മോഹൻ ഷാജി അന്തരിച്ചത്. കിടപ്പുരോഗിയായ അമ്മയുടെ പരിചരണവും കുടുംബത്തിന്റെ ഉത്തരവാദിത്തവും സഹോദരി ശ്രീകലയുടെ ചുമലിലായി. വൈപ്പിൻ ഞാറയ്ക്കലിലെ വീടിനോട് ചേർന്ന് പെട്ടികടയിട്ട് ജീവിതം പിടിച്ചുനിര്‍ത്തി. ശ്രീകലയുടെ അവസ്ഥ അറിയാനിടയായ സിമിറോസ് ബെൽജോൺ സഹായഹസ്തവുമായെത്തുകയായിരുന്നു. ശ്രീകലയെ വിവാഹം കഴിക്കാൻ നാട്ടുകാരൻ കൂടിയായ ബിജു വർഗീസ് തയാറായി. വിവാഹ വസ്ത്രങ്ങളും, ആഭരണങ്ങളും മുതൽ പന്തലിന്റെയും. സദ്യയുടെയുംവരെ ചെലവ് സിമിയെടുത്തു. വധുവിന് അണിയാൻ ആഭരണങ്ങളുമായി സാനുമാഷ് എത്തിയത് ചടങ്ങിന് മാറ്റ് കൂട്ടി .

മോഹൻ ഷാജി കൂടാതെ മറ്റ് സഹോദരൻമാരുണ്ടെങ്കിലും അവർക്കാർക്കും സ്ഥിരവരുമാനമില്ല.