1500 ഡിഗ്രി ചൂടിൽ കഞ്ചാവും ലഹരിയും മലബാർ സിമന്റ്സ് കത്തിക്കും; പുക നിരീക്ഷിക്കും

പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും എക്സൈസ് പിടികൂടിയ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും പുകയില ഉൽപന്നങ്ങളും ഇനി മുതൽ മലബാർ സിമന്റ്സിന്റെ ചൂളയിൽ കത്തിച്ചുകളയും. ഇപ്പോൾ പാലക്കാട് ജില്ലയിൽ പിടികൂടുന്നവ വാളയാറിൽ നശിപ്പിക്കുന്നുണ്ട്. സിമന്റ്സിന്റെ ചൂളയിൽ 1500 ഡിഗ്രി സെന്റിഗ്രേഡ് ചൂടിലാണ് ഇവ നശിപ്പിക്കുക.

തൃശൂർ, പാലക്കാട് ജില്ലകളിൽ പിടികൂടിയ കഞ്ചാവ് അടക്കം ഒരു കോടി രൂപയിലധികം വിലവരുന്ന 2490 കിലേ‍ാ ലഹരി ഉൽപന്നങ്ങൾ പദ്ധതിയുടെ സംസ്ഥാന നേ‍ാഡൽ ഒ‍ാഫിസർ പാലക്കാട് എക്സൈസ് സിഐ പി.കെ.സതീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചൂളയിൽ കത്തിച്ചു. മലിനീകരണ നിയന്ത്രണ ബേ‍ാർഡിന്റെ അനുമതിയേ‍ാടെയാണു വസ്തുക്കൾ എത്തിക്കേണ്ടത്. കത്തിക്കുന്ന സമയത്തെ പുക ഓരേ‍ാ മണിക്കൂറിലും ബേ‍ാർഡ് നിരീക്ഷിക്കും. തുടക്കം മുതൽ വിഡിയേ‍ാ പകർത്തും. 

സിമന്റ്സ് പ്ലാന്റ് എൻജിനീയർ അരുൺജേ‍ാൺ, പ്രിവന്റീവ് ഒ‍ാഫിസർമാരായ എം.സന്തേ‍ാഷ്കുമാർ, പി.കെ.അനുകുമാർ, ഡ്രൈവർ മുരളീമേ‍ാഹൻ എന്നിവരുടെ സഹായത്തേ‍ാടെയായിരുന്നു നടപടി. പാലക്കാട്, കാസർകേ‍ാട്, ഇടുക്കി, തിരുവനന്തപുരം, വയനാട് അതിർത്തി ജില്ലകളിലാണു കൂടുതൽ ലഹരിവസ്തുക്കൾ പിടികൂടുന്നതെന്നു പി.കെ.സതീഷ് പറഞ്ഞു.