‘പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി അന്ന്; ഇരട്ടത്താപ്പ്’; വിഡിയോയുമായി ടി.സിദ്ദീഖ്

മുല്ലപ്പെരിയാറിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അനാവശ്യഭീതിയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആയുധമാക്കി പ്രതിപക്ഷം.  വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് കേരളം ഭരിക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. 'മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഇരട്ട നിലപാട്‌ കാണാം... അന്നങ്ങനെ..!! ഇന്നിങ്ങനെ..!!' എന്ന തലക്കെട്ടോടെ കോൺഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ധിഖ് ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവെച്ചു. 

'മുല്ലപ്പെരിയാർ എന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ഏകീകരിച്ച പ്രശ്നമാണ്. ഭരണ പ്രതിപക്ഷ വിഷയമില്ലാത്ത ഏകീകരിച്ച പ്രശ്നം. അവിടെ ഡാമിന് ബലക്ഷയമുണ്ട്. ബലക്ഷയത്തിന്റെ ഭാഗമായി വെള്ളത്തിന്റെ അളവ് കുറച്ചുകൊണ്ടുവരണം എന്നാണ്. ശാശ്വതമായ പരിഹാരത്തിനായി ഒരു പുതിയ ഡാം പണിയണം'. അന്ന് പിണറായി വിജയൻ പ്രസംഗിച്ചത് ഇങ്ങനെ. 

'മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് അനാവശ്യ ഭീതി പരത്തുകയാണ്. സമൂഹമാധ്യമങ്ങളിലൂെട ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തമിഴ്നാടുമായുള്ള ഭിന്നത ചർച്ചയിലൂടെ പരിഹരിക്കും'. ഇന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ. 

സിദ്ദീഖ് പങ്കുവച്ച വി‍ഡിയോ കാണാം: