ലീറ്ററിന് 44.52 രൂപയ്ക്ക് പെട്രോൾ; മലപ്പുറത്ത് കുതിച്ചെത്തിയത് നൂറോളം പേർ

ലീറ്ററിന് 44.52 രൂപയ്ക്ക് പെട്രോൾ!. കേട്ടവർ വാഹനങ്ങളുമായി മലപ്പുറം കുന്നുമ്മൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പ്രത്യക്ഷപ്പെട്ട പുതിയ ‘പമ്പിലേക്ക്’ വാഹനങ്ങളുമായി കുതിച്ചു. ഇന്ധനമൊഴിച്ചു കൊടുത്തതോ, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും.

ഇന്ധന വിലവർധനയ്ക്കെതിരെ ‘നികുതിരഹിത നീതി പെട്രോൾ പമ്പ്‌’ എന്ന പേരിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതീകാത്മക പമ്പിലായിരുന്നു സംഭവം. 107.2 രൂപ ലീറ്ററിന് വിലയുള്ള പെട്രോളിൽ കേന്ദ്രനികുതിയായ 32.9 രൂപയും സംസ്ഥാന നികുതിയായ 26.03 രൂപയും ഡീലറുടെ കമ്മിഷൻ ആയ 3.8 രൂപയും കുറച്ചാൽ വെറും 44.52 രൂപയ്ക്ക്  ലഭിക്കുമെന്ന് ജനങ്ങളെ ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. എണ്ണക്കമ്പനിയുടെ പമ്പിനു സമാനമായി തയാറാക്കിയ പന്തലും ഫ്ലെക്സ് ഉപയോഗിച്ച് യന്ത്രവും ഒരുക്കിയായിരുന്നു പെട്രോൾ വിൽപന പ്രതിഷേധം. 

നൂറോളം പേർ വാഹനങ്ങളുമായെത്തി  പ്രതിഷേധത്തിൽ പങ്കാളികളായി. പ്രതിഷേധ പരിപാടി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല ജില്ലാ യുഡിഎഫ് ചെയർമാൻ പി.ടി.അജയ് മോഹൻ, എ.പി.അനിൽകുമാർ എംഎൽഎ, ഇ മുഹമ്മദ് കുഞ്ഞി, സക്കീർ പുല്ലാര എന്നിവർ പ്രസംഗിച്ചു.