ഉരുൾ തകർത്ത സ്വപ്നങ്ങൾ; കട മണ്ണിനടിയിലായത് ഉദ്ഘാടനത്തലേന്ന്: ദൈന്യം

ജീവിതം കെട്ടിപ്പടുക്കാന്‍ പുതിയ വഴി തേടുന്നതിനിടെയാണ് കൊക്കയാര്‍ വടക്കേമല സ്വദേശി അനീഷിന്റെ ജീവിതത്തിലേക്ക് ഉരുളെത്തിയത്. ഉദ്ഘാടന ദിവസത്തിന്റെ തലേന്നാണ് കട മണ്ണിനടിയിലായത്. ഇനി എങ്ങനെ ജീവിക്കുമെന്നറിയാതെ അധികാരികളുടെ കനിവ് കാത്തിരിക്കുകയാണ് അനീഷും കുടുംബവും. 

ഇവിടെയായിരുന്നു അനീഷിന്റെ ഏക പ്രതീക്ഷയായിരുന്ന കടയുണ്ടായിരുന്നത്. മുന്‍പ് പല ജോലികള്‍ ചെയ്ത അനീഷ് നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാമെന്നാഗ്രഹിച്ചാണ് വടക്കേമലയിലെ വാടകവീടിനോട് ചേര്‍ന്ന് കട നിര്‍മിച്ചത്. 17 ന് കടയുടെ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ തലേന്ന് ഉച്ചയോടെ ഇരച്ചെത്തിയ ഉരുള്‍ സമ്പാദ്യമെല്ലാം കൊണ്ടുപോയി. 

ജീവനും കൊണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മുന്നിലും പിന്നിലും ഉരുള്‍ വന്നുമൂടി. മരണത്തെ മുഖാമുഖം കണ്ടു അനീഷും കുടുംബവും.എല്ലാം നഷ്ടപ്പെട്ട് വെംബ്ലിയിലുള്ള ക്യാംപുകളില്‍ കഴിയുന്ന അനീഷിനെ പോലെ നൂറോളം പേര്‍ക്ക് ആവശ്യമായ സഹായവും കിട്ടുന്നില്ല. ഇങ്ങോട്ടേക്കുള്ള റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും സഹായവും മന്ദഗതിയിലാണ്.