വേഗ റയിൽ നടപടിക്കെതിരെ തിരുവനന്തപുരത്തും പ്രതിഷേധം; ഉദ്യോഗസ്ഥരെ തടഞ്ഞു

വേഗ റയില്‍ സര്‍വേ നടപടികള്‍ക്കെതിരെ തിരുവനന്തപുരത്തും പ്രതിഷേധം. കുളത്തൂര്‍ കരിമണലില്‍ സര്‍വേയുടെ ഭാഗമായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. സമ്മതമില്ലാതെ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കെ റയില്‍ വിരുദ്ധസമരസമിതിയും നാട്ടുകാരും ചേര്‍ന്നാണ് തടഞ്ഞത്. ഇതേസമയം സില്‍വര്‍ ലൈനില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാട് ദുരൂഹമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു.

രാവിലെ പതിനൊന്നുമണിയോടെയാണ് കുളത്തൂര്‍ ഭാഗത്ത് കെ റയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെ എത്തി സ്ഥലത്ത് കല്ലിട്ട് തുടങ്ങിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. വേഗ റയില്‍ പാതയുടെ അലൈന്‍മെന്‍റില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കരിമണല്‍. കെ റയില്‍ വിരുദ്ധ സമര സമിതിയുടെ പ്രവര്‍ത്തരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സര്‍വേ നടപടികളുടെ ഭാഗമായാണ് കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടില്ല. 

പ്രതിഷേധം തുടര്‍ന്നതോടെ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ എത്തിച്ചു.  കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. തഹസീല്‍ദാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തി ഭൂമി പിടിച്ചെടുക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സ്ഥലത്തെത്തിയ തഹസീല്‍ദാര്‍ വ്യക്തമാക്കി. ഇതേസമയം പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി. 34000 കോടിരൂപ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് വി.മുരളീധരന്‍ ചോദിച്ചു.പദ്ധതിയുടെ കടബാധ്യത വഹിക്കില്ലെന്ന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.