വെള്ളമിറങ്ങി; അപകടനിലയിൽ വീട്; തിരികെ പോകാൻ ഭയന്ന് ഗർഭിണി

ചെങ്ങന്നൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാൽ പൂർണ ഗർഭിണിയായ അനുവിന് ക്യാംപിൽ നിന്ന് മടങ്ങാൻ ഭയമാണ്. മുളക്കുഴയിലുളള അനുവിന്റെ വീട് ഏത് സമയവും തകർന്നു വീഴുന്ന നിലയിലാണ്.

നീളാത്ത്  പുഞ്ചയ്ക്കടുത്തെ  താഴ്ന്ന പ്രദേശത്താണു അനുവും കുടുംബവും കഴിയുന്നത്. രണ്ടും, മൂന്നരയും വയസുള്ള രണ്ട് കുട്ടികളും ഭർത്താവ് രാജേഷും വിധവയായ അമ്മയും ഒപ്പമുണ്ട്. 20 വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച വീടാണു ഇപ്പോൾ വാസയോഗ്യമല്ലാതെ ഏതുനിമിഷവും നിലംപൊത്താറായ നിലയിലുള്ളത്. കഴിഞ്ഞ പ്രളയത്തിലാണ് ഭാഗികമായി തകർന്നത്. പുതിയ വീടിനുള്ള അപേക്ഷ പഞ്ചായത്തിൽ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.  അനുവിന്റെ മരിച്ചു പോയ പിതാവിന്റെ പേരിലാണ് വസ്തുവെന്നതാണ് തടസം. ഇത്തവണത്തെ വെള്ളപ്പൊക്കത്തോടെ വീട് ഏതു സമയവും തകർന്നു വീഴാവുന്ന നിലയിലായി. അടുത്ത മാസം ആദ്യമാണ് അനുവിന്റെ പ്രസവത്തീയതി . മുളക്കുഴ ഗവ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഇവർക്ക് ആശ്വാസമാണ്.

അപകട നിലയിലായ വീട്ടിലേക്ക് ഗർഭിണിയായ മകളേയും കുട്ടികളേയും കൂട്ടിയുള്ള ജീവിതം അമ്മ പ്രഭയ്ക്കും ആശങ്കയാണ്. വലിയ വീടൊന്നും വേണ്ട. തകർന്നു വീഴുമെന്ന് ഭയക്കാതെ ഉറങ്ങാൻ കഴിയുന്ന ചെറിയൊരു വീടു മതി ഈ സാധു കുടുംബത്തിന്