പ്രവാസിയുടെ സ്വപ്നം ചുവപ്പുനാടയില്‍ കുരുക്കി നഗരസഭ; 40 കോടിയുടെ പദ്ധതി പാതിവഴിയില്‍

ചെങ്ങന്നൂര്‍ നഗരത്തില്‍ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കാനുള്ള പ്രവാസിമലയാളിയുടെ സ്വപ്നം ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുന്നു. കോടതിയില്‍നിന്ന് അനുമതിലഭിച്ചിട്ടുപോലും തൊടുന്യായീകരണങ്ങള്‍ നിരത്തി നഗരസഭ, നിര്‍മാണം വൈകിപ്പിക്കുന്നതായാണ് ആരോപണം. ഇതോ‌ടെ, നാല്‍പതുകോടിയു‌ടെ സംരംഭമാണ് പാതിവഴിയില്‍ നിലച്ചത്.   

ചെങ്ങന്നൂര്‍ നഗരഹൃദയത്തില്‍ ഷോപ്പിങ് മാള്‍ തുടങ്ങാനുള്ള പ്രവാസിമലയാളിയുടെ നീക്കത്തിനാണ് നഗരസഭ കടിഞ്ഞാണ്‍ ഇട്ടിരിക്കുന്നത്. മുളക്കുഴ സ്വദേശി രാജേഷ് രാജപ്പന്‍റെയും ഭാര്യാകുടുംബത്തിന്‍റെയും സംരംഭത്തിന് 2016ല്‍ നഗരസഭ അനുമതി നല്‍കി. എന്നാല്‍ സ്ഥലത്തിന്‍റെ ഒരുഭാഗം നിലമാണെന്നുകാട്ടി പരാതികളുയര്‍ന്നു. കേസ് ഹൈക്കോടതിവരെ നീണ്ടു. ആര്‍ഡിഓ വഴി പിന്നീട് അനുമതിനേടി. എന്നിട്ടും ബാഹ്യശക്തികള്‍ക്ക് വഴങ്ങി നഗരസഭ മുഖംതിരിക്കുകയാണെന്നും, പിന്നില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണെന്നും ഇവര്‍ ആരോപിക്കുന്നു. 

സ്ഥലത്തിനും നിര്‍മാണത്തിനുമായി ഇതിനോടകം എട്ടുകോടിരൂപ ചെലവഴിച്ചു. നിര്‍മിക്കാനുദ്ദേശിക്കുന്ന അഞ്ചുനില മാളിന്‍റെ പൈലിങ് ജോലിമാത്രമാണ് പൂര്‍ത്തിയാക്കാനായത്. നിലമാണെന്ന കാരണത്താല്‍ പദ്ധതിമുടക്കുമ്പോഴും അതേഭൂമിയുടെ ചുറ്റുപാടും മറ്റുകെട്ടിടങ്ങള്‍ ഉയര്‍ന്നതും, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു ത‌ടസവുമില്ലാതെ നടക്കുന്നതുംകാണാം. അതുകൊണ്ടുതന്നെയാണ് നഗരസഭയുടെ കടുംപിടിത്തത്തിനുകാരണം മറ്റെന്തോ ആണെന്ന് ഇവര്‍ സംശയിക്കുന്നതും.