വ്യാജ അഭിഭാഷക സെസി സേവ്യർക്കായി തമിഴ്നാട്ടിലും തിരച്ചിൽ നോട്ടീസ്

യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിൽ ഒളിവിൽ കഴിയുന്ന സെസി സേവ്യറെ കണ്ടെത്താൻ പൊലീസ് തമിഴ്നാട്ടിലും തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ചെന്നൈയിൽ നിന്നുള്ള പത്രങ്ങളിൽ കഴിഞ്ഞ ദിവസം നോട്ടിസ് പ്രസിദ്ധീകരിച്ചു. സെസിയെപ്പറ്റി വിവരം ലഭിച്ചാൽ ആലപ്പുഴ നോർത്ത് പൊലീസിനെയോ ആലപ്പുഴ ഡിവൈഎസ്പിയെയോ ജില്ലാ പൊലീസ് മേധാവിയെയോ അറിയിക്കണമെന്നാണ് നോട്ടിസിൽ പറയുന്നത്. 

സെസിയുടെ ചിത്രവും പൊലീസിന്റെ ഫോൺ നമ്പറുകളും നൽകിയിട്ടുണ്ട്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും സെസി പൊലീസിനു മുന്നിൽ ഹാജരായിട്ടില്ല. നേരത്തേ, ആലപ്പുഴ കോടതിയിൽ എത്തിയെങ്കിലും ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തിയെന്നറിഞ്ഞ് സ്ഥലം വിടുകയായിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ആലപ്പുഴ ബാർ അസോസിയേഷന്റെ പരാതിയിലാണ് നോർത്ത് പൊലീസ് സെസിക്കെതിരെ കേസെടുത്തത്. ബാർ കൗൺസിലിൽ അഭിഭാഷകയായി എൻറോൾ ചെയ്തെന്ന വ്യാജരേഖയുണ്ടാക്കിയാണ് സെസി അസോസിയേഷൻ അംഗമായതെന്നും അഭിഭാഷക കമ്മിഷനായതെന്നും പരാതിയിൽ പറയുന്നു.