സിഎൻജിക്കും വിലകൂടി; ഒറ്റ ദിവസം വർധിച്ചത് 5 രൂപ; തിരിച്ചടി

പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനയില്‍ നിന്ന് രക്ഷനേടാന്‍ പ്രകൃതിവാതകത്തെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടി. ഒറ്റദിവസം കൊണ്ട് അഞ്ച് രൂപയാണ് സി.എന്‍.ജിക്ക് കൂടിയത്. ആശങ്ക കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയെ അറിയിക്കുമെന്ന് കോഴിക്കോട്ടെ ആദ്യ സ്വകാര്യ സിഎന്‍ജി ബസ് ഫ്ലാഗ്ഒാഫ് ചെയ്തശേഷം ഗതാഗതമന്ത്രി വ്യക്തമാക്കി. 

അന്‍പത്തിയേഴ് രൂപയായിരുന്നു ഒരു കിലോ പ്രകൃതി വാതകത്തിന്. ഇപ്പോഴത് 62 രൂപയായി. ഒറ്റദിവസം കൊണ്ട് കൂടിയത് അഞ്ചുരൂപ. വര്‍ധിച്ച ഇന്ധനവിലയില്‍ നിന്ന് രക്ഷപെടാന്‍ കൂടുതല്‍ വാഹനങ്ങള്‍ സി.എന്‍.ജിയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഈ വിലവര്‍ധന. 

കോഴിക്കോട്ടെ ആദ്യ സിഎന്‍ജി ബസ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഒാഫ് ചെയ്തു. ഡല്‍ഹി ആസ്ഥാനമായ ഗ്രീന്‍ ഫ്യുവല്‍സ് എനര്‍ജി സൊലൂഷനാണ് കുറ്റ്യാടി കോഴിക്കോട് റോഡിലോടുന്ന ബസിനെ സി.എന്‍.ജിയാക്കിയത്. പരീക്ഷണം വിജയിച്ചാല്‍  കൂടുതല്‍ ബസുകള്‍ ഈ മാര്‍ഗം സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സിയുടെ ആയിരം ബസുകളാണ് ഈ വര്‍ഷം പ്രകൃതി വാതകത്തിലേക്ക് മാറുന്നത്