സിഎന്‍ജി വില വർധന; ഓട്ടോ ടാക്സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്

സിഎന്‍ജി വില വര്‍ധനയില്‍ വലഞ്ഞ് ഡല്‍ഹിയിലെ ഓട്ടോ ടാക്സി തൊഴിലാളികള്‍. വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഇന്ധന സബ്സിഡി നല്‍കുകയോ യാത്രനിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കിലോയ്ക്ക് 71 രൂപ 61 പൈസയാണ് നിലവില്‍ ഡല്‍ഹിയിലെ സിഎന്‍ജി വില.  

ഒരു ലക്ഷത്തോളം ഒട്ടോറിക്ഷകളാണ് ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്നത്. ടാക്സികള്‍ കാബുകള്‍ ഓട്ടോകള്‍ ബസുകള്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം പ്രധാനമായും സിഎന്‍ജിയിലാണ് പ്രവര്‍ത്തിക്കുന്നത്. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് വില  കുറവാണെന്നതായിരുന്നു  സിഎന്‍ജിയുടെ മുഖ്യ ആകര്‍ഷണം. എന്നാല്‍ പെട്രോളിനും ഡീസലിനുമൊപ്പം സി.എന്‍.ജിയുടെയും വില കുത്തനെ ഉയര്‍ന്നതോടെ ഇത് അപ്രസക്തമായി. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ച് തവണയായി 14.98 രൂപയാണ്  സിഎന്‍ജിയുെട വില വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയിലെ ലക്ഷക്കണക്കിന് വരുന്ന ഓട്ടോ ടാക്സി തൊഴിലാളികളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായി. 

പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് നിര്‍ദേശങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഒന്നുകില്‍ ചുരുങ്ങിയത് 35 രൂപയെങ്കിലും ഇന്ധന സബ്സിഡിയായി നല്‍കുക. അല്ലെങ്കില്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കുക. രണ്ടിലൊന്ന് അംഗീകരിച്ചില്ലെങ്കില്‍ വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.