സൈക്കിളിൽ ഡൽഹിക്ക്; കോൺഗ്രസ് ഓഫിസുകളിൽ വിശ്രമം; അറിയണം റാഫിയെ

കടന്നുവന്ന വഴികളിൽ യാത്രയുടെ ലക്ഷ്യം അറിഞ്ഞ് തോളിൽ തട്ടിയ ഒട്ടേറെ മനുഷ്യർ. യൂത്ത് കോൺഗ്രസിന്റെ െകാടി കണ്ണിൽപ്പെട്ട് കാര്യം തിരക്കാൻ റിവേഴ്സ് വന്ന ഒട്ടേറെ വാഹനങ്ങൾ. ചായ, വെള്ളം, ഭക്ഷണം, പഴങ്ങൾ എന്നിവ നൽകിയ ഒരുപാട് മനുഷ്യർ. ആദ്യ ദിനം പിന്നിടുമ്പോൾ നൂറ് നാവാണ് റാഫിക്ക്. അത്രമാത്രം ഹൃദ്യമായ വരവേൽപ്പാണ് കേരളത്തിലെ ഓരോ കവലകളും ഈ ചെറുപ്പക്കാരന് നൽകുന്നത്. കൊല്ലത്ത് നിന്നും ഡൽഹിയിലേക്ക് സൈക്കിളിൽ ഒരു പ്രതിഷേധം നടത്തുകയാണ് ഈ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. കൊല്ലത്ത് നിന്ന് ഇന്നലെ തുടങ്ങി ഇന്ന് ആലപ്പുഴയും പിന്നിട്ട് ഏറണാകുളത്തെത്തി അദ്ദേഹം. കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ഇന്ധനവില വർധനക്കെതിരെയുള്ള ശബ്ദമായിട്ടുമാണ് റാഫിയുടെ സൈക്കിള്‍ യാത്ര. 

‘ഒരു ദിനം 40 കിലോമീറ്റർ എന്നതാണ് മനസിലുള്ള കണക്ക്. പക്ഷേ നല്ല കാലാവസ്ഥയും ജനങ്ങളിൽ നിന്നും നല്ല പ്രതികരണവും അനുകൂലമായപ്പോൾ ആദ്യ ദിനം 70 കിലോമീറ്റർ പിന്നിടാൻ കഴിഞ്ഞു. 50 ദിവസത്തിനുള്ളിൽ ഡൽഹിയിലെത്തണം എന്നാണ് മനസിലുള്ള ആഗ്രഹം. ചിലപ്പോൾ കുറച്ച് ദിവസം നീണ്ടേക്കാം. കാലാവസ്ഥ പ്രതിസന്ധിയായേക്കാം. താമസിക്കാനുള്ള ടെന്റ് അടക്കമുള്ള സജ്ജീകരണങ്ങൾ കരുതിയിട്ടുണ്ട്. പക്ഷേ യാത്ര അവസാനിക്കുന്ന സ്ഥലങ്ങളിലെ കോൺഗ്രസ് ഓഫിസുകളിൽ വിശ്രമിക്കാൻ  സൗകര്യം ഒരുക്കാമെന്ന് അവർ തന്നെ പറയുന്നത് ആവേശം നൽകുന്നു. വെള്ളവും ലഘുഭക്ഷണങ്ങൾ അടക്കം നൽകി ഓരോ നാട്ടിലെയും കോൺഗ്രസുകാർ ഈ യാത്രയ്ക്കൊപ്പമെന്ന് വ്യക്തമാക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്. ഇന്ന് എറണാകുളം ഡിസിസി ഓഫിസിലാണ് വിശ്രമം..’

കയ്യിൽ കുറച്ച് പണം കരുതണമല്ലോ, അതുമാത്രമാണ് ഉള്ളത്. വസ്ത്രങ്ങൾ അടക്കം ഉൾപ്പെട്ട ബാഗ് സൈക്കിളിനൊപ്പമുണ്ട്. യാത്രക്ക് ആവശ്യമായ സൈക്കിൾ വാങ്ങുകയായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ–സംസ്ഥാന നേതൃത്വം പൂർണ പിന്തുണയാണ് യാത്രയ്ക്ക് നൽകുന്നത്. ശ്രീനിവാസ് ജീ നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ച് അറിയുന്നുണ്ട്. ഷാഫി പറമ്പിലാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. തൃശൂരിൽ നിന്നും യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി എസ്.വിഷ്ണുവും സൈക്കിളിൽ ഒപ്പം ചേരും. നിലവിൽ ഞങ്ങൾ രണ്ടുപേരാണ് ഉള്ളത്. 

എന്നാൽ ഇന്നലെ കേരളത്തിന്റെ പല ഭാഗത്ത് നിന്നും ആളുകൾ ഒപ്പം വരാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. ഇക്കൂട്ടത്തിൽ സൈക്കിളിങ് വളരെ സീരിയസായി ചെയ്യുന്ന പെൺകുട്ടികളും ഉണ്ട്. ഈ യാത്രയിൽ ഒപ്പം ചേരാനും ഡൽഹി വരെ വരാനും ഇപ്പോൾ ചെറുപ്പക്കാർ കാണിക്കുന്ന ആവേശം തന്നെയാണ് ഈ യാത്രയുടെ വിജയം. പക്ഷേ അതിന് നേതൃത്വത്തിന്റെ അനുമതി കൂടി വേണ്ടിവന്നേക്കും.

കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി എന്നിങ്ങനെയാണ് ഇപ്പോൾ സൈക്കിൾ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. കർണാടകയിൽ നിന്നും കോൺഗ്രസ് നേതൃത്വം യാത്രയുടെ വിവരം അറിഞ്ഞ് വിളിച്ചിരുന്നു. വലിയ പിന്തുണയും സഹായങ്ങളും അവർ ഉറപ്പുതന്നു. രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലൂടെ സൈക്കിൾ യാത്ര കടന്നു പോകുമെന്ന് റാഫി പറയുന്നു.

2500 ലേറെ കിലോമീറ്ററാണ് കൊല്ലത്തുകാരന്‍ റാഫിയുടെ മുന്നിലുളളത്. യൂത്ത് കോൺഗ്രസ് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായി ഡല്‍ഹിയിലെത്താനാണ് പദ്ധതി. മികച്ച ഫോട്ടോഗ്രഫർ കൂടിയായ റാഫി നേരത്തെ രണ്ടു ഘട്ടങ്ങളിലായി 47 ദിവസം ഡൽഹിയിലെ കർഷക സമരത്തിൽ അണിചേർന്നിരുന്നു. റാഫി പകർത്തിയ പല ചിത്രങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.